പെരിയാറില്‍ വീണ്ടും മണല്‍ക്കൊള്ള സജീവം; ജാഗ്രതയോടെ നാട്ടുകാരും പോലീസും

klm-manalറിയാസ് കുട്ടമശേരി

ആലുവ: നീണ്ടനാളത്തെ ഇടവേളയ്ക്കു ശേഷം പെരിയാറില്‍ മണല്‍ക്കൊള്ള സജീവമാകുന്നു. അതിവിദഗ്ധമായി നടത്തുന്ന മണല്‍ക്കടത്ത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും പോലീസും ജാഗ്രതയോടെ രംഗത്ത്. കഴിഞ്ഞദിവസം ആലുവ ശിവരാത്രി മണപ്പുറത്ത് പോലീസും നാട്ടുകാരും പരിശോധനയ്ക്ക് ഇറങ്ങിയതിനെ തുടര്‍ന്ന് വഞ്ചി ഉപേക്ഷിച്ചു മണല്‍ ലോബികള്‍ രക്ഷപ്പെടുകയായിരുന്നു. വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പ്രിന്‍സിപ്പല്‍ എസ്‌ഐ ഹണി കെ. ദാസ് രാഷ്ട്രദീപികയോടെ പറഞ്ഞു.

മണപ്പുറം ഭാഗം, മംഗലപ്പുഴപാലം, പരുന്തുറാഞ്ചി മണപ്പുറം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അനധികൃത മണല്‍വാരല്‍ ആരംഭിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്നും വാരിയെടുക്കുന്ന മണല്‍, റോഡുമാര്‍ഗം വിവിധ പാര്‍ക്കുകളില്‍ എത്തിച്ചാണ് വില്‍പന. ജില്ലയില്‍ മണല്‍വാരല്‍ നിരോധിച്ചിരിക്കുന്നതിനാല്‍ പുഴ മണലിന് വലിയ ഡിമാന്റാണിപ്പോള്‍. ഈ വിപണന സാധ്യത കണക്കിലെടുത്താണ് മണല്‍ ലോബി ആലുവയില്‍ വീണ്ടും ശക്തമായത്.

മണപ്പുറം ഭാഗത്തുനിന്നും മംഗലപ്പുഴ പാലത്തിന് സമീപത്തു നിന്നും വാരിയെടുക്കുന്ന മണല്‍ വിവിധ കടവുകളില്‍ മാറി മാറി എത്തിച്ചാണ് കടത്ത്. സ്ഥിരമായി ഒരു കടവില്‍ മാത്രം വഞ്ചി അടുപ്പിക്കാത്തതുകൊണ്ട് മണല്‍ വാരുന്നത് നാട്ടുകാരുടെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വ്യാപകമായി നടന്നിരുന്ന മണല്‍ക്കൊള്ളയ്ക്ക് ശമനമായതിനെ തുടര്‍ന്ന് പോലീസും പരിശോധനകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പരുന്തുറാഞ്ചി മണപ്പുറത്തുനിന്നും വാരുന്ന മണല്‍ ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്തില്‍ എത്തിച്ച് അവിടെ നിന്നും മഹിളാലയം പാലം വഴിയാണ് കടത്തുന്നത്. കടുങ്ങല്ലൂര്‍, കീഴ്മാട്, ചെങ്ങമനാട് പഞ്ചായത്തുകളിലെ മണല്‍ ലോബികളാണ് ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുന്നത്. ഇവര്‍ക്ക് പോലീസിലെ ചിലരുടെ ഒത്താശയുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, പെരിയാറിലെ അനധികൃത മണല്‍വാരല്‍ തടയാനുള്ള സൗകര്യങ്ങളില്ലാതെ പോലീസ് വലയുകയാണ്. പുഴയുടെ നടുഭാഗത്തിലൂടെ വഞ്ചിയില്‍ മണല്‍ വാരിക്കൊണ്ടുപോകുന്നത് പോലീസുകാര്‍ക്ക് കരയില്‍ കണ്ട് നില്‍ക്കാനെ നിര്‍വാഹമുള്ളു. മണല്‍ക്കൊള്ള തടയാന്‍ പോലീസിനുണ്ടായിരുന്ന ബോട്ടുകള്‍ കൊട്ടാരം കടവില്‍ കിടന്ന് നശിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. മണല്‍ ലോബി തന്നെയാണ് ബോട്ടുകള്‍ പ്രവര്‍ത്തന രഹിതമാക്കിയത്. ആലുവയില്‍ മണല്‍വാരല്‍ വീണ്ടും സജീവമായതോടെ ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയോ പുതിയതു വാങ്ങുകയോ വേണ്ടിവരും. പോലീസിനെ കൂടാതെ നാട്ടുകാരും പലയിടത്തും പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Related posts