പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ മുഖം നോക്കാതെ നടപടിയെന്ന് തെരഞ്ഞെടുപ്പു നിരീക്ഷകര്‍

ktm-posterkeerumപാലക്കാട്: ജില്ലയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുസ്ഥലത്തെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കട്ടൗട്ടുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടതായും അവ ഉടന്‍ നീക്കം ചെയ്യണമെന്നും ജില്ലയിലെ തെരഞ്ഞെടുപ്പു നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ ് നടത്തിയ പര്യടനത്തിനു ശേഷം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യതെരഞ്ഞടുപ്പു നിരീക്ഷകര്‍.

തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ-സാമുദായിക പ്രശ്‌നങ്ങള്‍ ഉള്ള ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണത്തിനും ആവശ്യമായി വന്നാല്‍ കൂടുതല്‍ പോലീസിനെ മുന്‍കൂറായി വിന്യസിക്കണമെന്നും ക്രമസമാധാന പാലനത്തിന്റെ മുഖ്യ പങ്കുവഹിക്കുന്ന ഇ ദാമോദര്‍ ഐ പി എസ് നിര്‍ദ്ദേശിച്ചു. ഫെയ്‌സ് ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ കൂടിയുള്ള എല്ലാ മെസേജുകളും പരിശോധിക്കണം. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വിചാരണ കൂടാതെ നടപടിയെടുക്കണമെന്നും അവ ഉടന്‍ മരവിപ്പിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.

ഷൊളയൂര്‍, അഗളി മേഖലകളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വോട്ടര്‍മാര്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തണം.  നാമ നിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്കു ശേഷം ഉണ്ടാകുന്ന എല്ലാ തെരഞ്ഞെടുപ്പ ചെലവുകളും പരസ്യങ്ങളും പെയ്ഡ് ന്യൂസ് പരാതികളും  നിരീക്ഷകര്‍ക്ക് നേരിട്ട് നല്‍കാവുന്നതാണെന്നും നിരീക്ഷകര്‍ പറഞ്ഞു. രാഷ്ട്രീയ-മത സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ള അഗളി, ഷോളയൂര്‍, അമ്പലപ്പാറ മേഖലകളില്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ 24 മണിക്കൂറും നിരീക്ഷണങ്ങള്‍ നടത്തി വരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ദേബശിഷ് ബെഹ്‌റ പറഞ്ഞു.

കൂടാതെ 18 പ്രദേശങ്ങളിലായി 19 ബൂത്തുകള്‍ക്ക് പ്രത്യേകം പോലീസ് സുരക്ഷയും ഉറപ്പു വരുത്തിയിട്ടുണ്ട്. 34 പ്രദേശങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കിയതായും, ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയ പ്രദേശങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുമെന്നും  അദ്ദേഹം പറഞ്ഞു.ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി അധ്യക്ഷതവഹിച്ചു. പൊതുനിരീക്ഷകരായ സഞ്ജയ്കുമാര്‍, മോറെ ആഷിഷ് മാധവ്‌റാവു, ഡോ. ഋഷികേശ് ഭാസ്കര്‍ യശോദ് എന്നിവരും ജില്ലയുടെ ക്രമാസമാധാന പാലനത്തിന്റെ മുഖ്യ നിരീക്ഷകനായ ഇ ദാമോദര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Related posts