പോലീസുകാരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരുത്തണം: ജില്ലാ പോലീസ് മേധാവി

knr-policeകണ്ണൂര്‍: പോലീസുകാരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പോലീസ് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചില സന്ദര്‍ഭങ്ങളില്‍ പോലീസുകാര്‍ക്കു കൂടുതല്‍ ജോലി ചെയ്യേണ്ടിവരും.

പരാതിയുമായി സ്റ്റേഷനിലേക്ക് വരുന്നവരോട് വളരെ മാന്യമായി പെരുമാറണം. വലിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന ആളാണെങ്കില്‍ പോലും ചെറിയ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയണം. ചെറിയ പ്രശ്‌നങ്ങള്‍ കേട്ട് അതിന്റെ തക്കതായ പരിഹാരവും നല്‍കണം. പോലീസുകാരുടെ നല്ല പ്രതികരണം ജനങ്ങള്‍ക്ക് പോലീസുകാരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ. രത്‌നകുമാര്‍ അധ്യക്ഷത വഹിച്ചു. എം. ഗോവിന്ദന്‍, സി.ആര്‍. ബിജു, ടി. ബാബു, ഷാഹുല്‍, ഡിവൈഎസ്പി പ്രേമരാജന്‍, രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ എ പ്ലസ് നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ കുട്ടികള്‍ക്കുള്ള ഉപഹാരം ജില്ലാ പോലീസ് മേധാവി വിതരണം ചെയ്തു.

Related posts