പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റത് അബദ്ധമോ? മനഃപൂര്‍വം വെടിവച്ചതോ? വെടിയേറ്റത് അബദ്ധം ആകാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് പോലീസ്

POLICEകൊച്ചി: തൃപ്പൂണിത്തുറ എ.ആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സാബു മാത്യു സ്വന്തം തോക്കില്‍നിന്നു വെടിയേറ്റത് അബദ്ധം ആകാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് പോലീസ്. ശരീരത്തോടു ചേര്‍ന്നുള്ള ഭാഗത്തുനിന്നാണ് വെടി ഉതിര്‍ന്നത്. ഈ സാഹചര്യത്തില്‍  മനഃപൂര്‍വം വെടിവച്ചതാണോയെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. എന്നാല്‍, അതിനു മതിയായ കാരണങ്ങള്‍ ഒന്നും ഉള്ളതായി കാണുന്നില്ലെന്നും പോലീസ് പറയുന്നു.

സാബു മാത്യുവിനു കുടുംബപ്രശ്‌നങ്ങളോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാത്രമല്ല സുരക്ഷാ സംവിധാനങ്ങളുള്ള തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിരില്ല. സുരക്ഷാ സംവിധാനം മാറ്റിയാല്‍ മാത്രമെ വെടിയുതിരുകയുള്ളു. ഒന്നുകില്‍ സുരക്ഷാസംവിധാനം മാറ്റി വെടിയുതിര്‍ക്കാന്‍ തോക്ക് സ്വയം സജ്ജമാക്കിയിരിക്കണം അല്ലെങ്കില്‍ നേരത്തെ ആരെങ്കിലും സംവിധാനം മാറ്റി വച്ചിരിക്കണം. അല്ലാതെ വെടിയുതിരില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. പൗച്ചിനുള്ളില്‍ സൂക്ഷിക്കുന്ന തോക്ക് പുറത്തെടുത്തതും സംശയമുണ്ടാക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തതയ്ക്കായി പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

അബദ്ധത്തില്‍ ട്രിഗര്‍ അമര്‍ന്നാല്‍ പോലും വെടി ഉതിരാതിരിക്കാനുള്ള സുരക്ഷാ മുന്‍കരുതല്‍ സംവിധാനം എല്ലാ പിസ്റ്റളുകളിലുമുണ്ട്. സുരക്ഷാക്രമീകരണം നീക്കി പിസ്റ്റളിനെ വെടി ഉതിര്‍ക്കുന്നതിനു സജ്ജമാക്കുന്ന പ്രക്രിയ കോക്കിംഗ് എന്നാണ് അറിയപ്പെടുന്നത്. സാധാരണഗതിയില്‍ കോക്കിംഗ് നടത്താതെ പിസ്റ്റളില്‍നിന്നു വെടി ഉതിരില്ല. ഇത്തരം സാഹചര്യത്തില്‍ ഡിവൈഎസ്പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് പിസ്റ്റളില്‍നിന്ന് എങ്ങനെ വെടി ഉതിര്‍ന്നുവെന്ന കാര്യമാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ള ചോദ്യം.

നൈറ്റ്ഡ്യൂട്ടിക്കു പോകുമ്പോള്‍ സ്ഥിരമായി സാബു മാത്യു പിസ്റ്റള്‍ കൈയില്‍ കരുതാറുണ്ട്. 9 എംഎം ബ്രൗണിംഗ് പിസ്റ്റളാണു സാബുവിന്റെ പക്കല്‍ ഉണ്ടായിരുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചു തോക്ക് പൗച്ചിനുള്ളില്‍ സൂക്ഷിക്കുകയാണു സാധാരണഗതിയില്‍. തോക്കിലെ മാഗസിന്‍ എന്നറിയപ്പെടുന്ന അടര്‍ത്തിമാറ്റാവുന്ന സംഭരണിയില്‍  വെടിയുണ്ട നിറച്ച് ഉറപ്പിച്ചശേഷം തോക്കിന്റെ ഉപരിഭാഗം പിന്നിലേക്കു വലിച്ചു കോക്ക് ചെയ്താല്‍ മാത്രമേ തോക്കിന്റെ ചേംബറില്‍ വെടിയുണ്ട എത്തുകയും ട്രിഗര്‍ അമര്‍ത്തുമ്പോള്‍ വെടി ഉതിരുകയും ചെയ്യുകയുള്ളൂ.

ഇത്തരത്തില്‍ കോക്കിംഗ് ചെയ്യാനുള്ള സംവിധാനമാണു സുരക്ഷാ ക്രമീകരണമായി പിസ്റ്റളുകളില്‍ ഉള്ളത്. സാധാരണഗതിയില്‍ ആരും തോക്ക് കോക്ക് ചെയ്തു വെടിയുതിര്‍ക്കുന്നതിനു സജ്ജമാക്കി വയ്ക്കാറില്ല. വെടിയുതിര്‍ക്കേണ്ടി വരുന്ന ഘട്ടത്തില്‍ മാത്രമേ തോക്ക് കോക്ക് ചെയ്യാറുള്ളു. എന്നാല്‍, സാബു മാത്യുവിനു വെടിയേറ്റ സംഭവത്തില്‍ തോക്ക് പൗച്ചിനുള്ളില്‍നിന്നു പുറത്തെടുത്തു കോക്ക് ചെയ്തിരുന്നുവെന്നാണു മനസിലാവുന്നതെന്നു കേസ് അന്വേഷിക്കുന്ന തൃക്കാക്കര സിഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു.

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നതു വ്യക്തമല്ല. നേരത്തെ കോക്ക് ചെയ്തിരുന്ന തോക്ക് പുറത്തെടുത്തു പരിശോധിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊട്ടിയേക്കാമെന്നതാണ് ഒരു സാധ്യത.  തോക്കിന് എന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. സാബുവിന്റെ സ്വന്തം തോക്കില്‍ നിന്നുതന്നെയാണു വെടിപൊട്ടിയിട്ടുള്ളതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ദൂരൂഹതയില്ലെന്നും സ്വന്തം തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാകാനോ ആത്മഹത്യ ആകാനോ ആണ് സാധ്യതയെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശും പറഞ്ഞു.

Related posts