അമ്പലപ്പുഴ: ചികിത്സയ്ക്കായി കിടപ്പാടം വില്‍ക്കാനൊരുങ്ങിയ യുവാവിനെ ഭാഗ്യദേവതയുടെ കടാക്ഷിച്ചു. പുന്നപ്ര വടക്കുപഞ്ചായത്ത് 13–ാം വാര്‍ഡ് പറവൂര്‍ വടക്കെയറ്റത്തുവീട്ടില് ബിജു(41)വിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യനിധി ടിക്കറ്റിന്റെ 65 ലക്ഷം രൂപയുടെ ഒന്നാംസമ്മാനമാണ് ബിജുവിന് ലഭിച്ചത്. ഭാര്യ ഷീബയും മക്കളായ ശ്രീകാന്ത് (14) ശ്രീശാന്ത് (9) എന്നിവരടങ്ങിയതാണ് ബിജുവിന്റെ കുടുംബം. നാലുവര്‍ഷം മുമ്പു ബാങ്ക് വായ്പയില്‍ ഓട്ടോറിക്ഷ വാങ്ങി ജീവിതമാരംഭിച്ച ബിജുവിനു സ്ഥിരമായി ബാങ്കിന്റെ കുടിശിക അടയ്ക്കാന്‍ സാധിച്ചിരുന്നില്ല. അതിനിടയില്‍ ഹൃദയസംബന്ധമായ അസുഖവും അലട്ടാന്‍ തുടങ്ങി.
വിദഗ്ധ പരിശോധനയില്‍ ഹൃദയ വാല്‍വിന് തകരാറുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. പിന്നീട് ജോലിക്കു പോകാനും കഴിയാത്ത അവസ്ഥയായി. ജനിച്ചു നാലുമാസം പ്രായമായ ഇളയമകന് ശ്രീശാന്തിനെ ബാധിച്ച മെനഞ്ചെറ്റിസ് രോഗത്തിന്റെ ചികിത്സയും നിലയ്ക്കുന്ന സ്ഥിതിയിലായി. വായ്പയും പലിശയും ഒരു ഭാഗത്തുകൂടി വന്നു. ഒടുവില്‍ അയല്‍വാസിക്ക് ആകെയുള്ള അഞ്ചു സെന്റു ഭൂമി വില്ക്കാന് തീരുമാനിച്ചു.
അഡ്വാന്‍സും വാങ്ങി ബാങ്കില്‍ പണയംവച്ച ആധാരവുമെടുത്ത് ദിവസങ്ങള്‍ക്കുശേഷം രജിസ്ട്രേഷന് നടത്താനിരിക്കെയാണ് ഭാഗ്യദേവത തുണയായെത്തിയത്. അഡ്വാന്‍സു തുകയില്‍നിന്നു മിച്ചം വന്ന രൂപയുമായി പുന്നപ്രയില്‍ മരുന്നു വാങ്ങാന്‍ എത്തിയപ്പോഴാണ് സമീപത്തെ മൂന്നു കടകളില്‍നിന്നായി മൂന്നു ടിക്കറ്റെടുത്തത്. വിവരമറിഞ്ഞെത്തിയ അയല്‍വാസി സ്ഥലം തിരികെ നല്കാമെന്നേറ്റു. ഇനി മകന് ശ്രീശാന്തിന്റെ ചികിത്സയുടെ കടങ്ങള്‍ വീട്ടണം. വീട് വാസയോഗ്യമാക്കണം തുടങ്ങിയവയാണ് ബിജുവിന്റെ ആഗ്രഹങ്ങള്‍.