വടകര: തണല്‍ ഭിന്നശേഷി സ്കൂളില്‍ നിന്നെത്തിയ കുട്ടികള്‍ റൂറല്‍ എസ്പിയുടെയും സഹപ്രവര്‍ത്തകരുടെയും മനംകവര്‍ന്നു. ഓഫീസ് സന്ദര്‍ശനം ഉദ്യോഗസ്ഥര്‍ക്കു വേറിട്ട അനുഭവമായി. എസ്പി പ്രതീഷ്കുമാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ കുട്ടികളെ വരവേറ്റുകൊണ്ട് പുതിയ മുഖം പകര്‍ന്നു. വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് അവരെ വളര്‍ത്തി കൊണ്ടുവരിക എന്ന ഉദ്ദേശത്തോടു കൂടിയാണ് കുട്ടികളേയും കൂട്ടി സ്കൂള്‍ അധികൃതര്‍ റൂറല്‍ എസ്പി ഓഫീസ് സന്ദര്‍ശിച്ചത്. നിറഞ്ഞ പുഞ്ചിരിയോടെ എസ്പിയും പോലീസുകാരും വരവേറ്റപ്പോള്‍ കുട്ടികളില്‍ ആദ്യം അമ്പരപ്പും ആശ്ചര്യവുമായിരുന്നെങ്കില്‍ പതുക്കെ കളിചിരികള്‍ക്ക് വഴിമാറി.
തണല്‍ സ്കൂളിലെ റിഷാനയും അംനയും ചേര്‍ന്ന് എസ്പിക്ക് തണലിന്റെ ഉപഹാരം നല്‍കി. തിരികെ മധുരം നല്‍കിയാണ് എസ്പിയും പോലീസുകാരും കുട്ടികളെ വരവേറ്റത്. പിന്നെ എസ്പിയുമായി ചേര്‍ന്ന് ഫോട്ടോ എടുക്കല്‍. ചിലര്‍ക്ക് എസ്പിയുടെ കസേരയില്‍ കയറിയിരിക്കാന്‍ മോഹം. പതിവ് ഗൗരവം വിട്ട് പോലീസുകാരും കൂടെ ചേര്‍ന്നപ്പോള്‍ ഭിന്നത മറന്ന് കുട്ടികളും ഓഫീസിന്റെ അകവും പുറവും കാണാനായി ഉത്സാഹം കാണിച്ചു.
എസ്പി കുട്ടികളോട് ഭാവിയില്‍ ആരാകണമെന്ന് ചോദിച്ചപ്പോള്‍ ‘ ഞങ്ങള്‍ക്കുമാകണം ഒരു പോലീസ് ‘ എന്ന കൊച്ചു റിഷാന്റെ മറുപടി കേട്ട് റിഷാനെ ചേര്‍ത്ത് പിടിച്ച് കൊണ്ട് എസ്പി പറഞ്ഞു. ” ഉയരങ്ങള്‍ കീഴടക്കാന്‍ നിങ്ങള്‍ തനിച്ചല്ല, ഞങ്ങളുണ്ട് ഇനി നിങ്ങള്‍ക്കൊപ്പം, തണലിനൊപ്പം” എന്ന മറുപടി എസ്പി നല്‍കി. തണല്‍ സെക്രട്ടറി ടി.ഐ. നാസര്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ നദീര്‍ പയ്യോളി, പി.ടി.എ. കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ കുട്ടികളോടൊപ്പമുണ്ടായിരുന്നു.