പിറവം: ജില്ലയിലെ നദികളില്‍ നിന്നും മണല്‍ വാരുന്നതിനുള്ള നിരോധനം നീളുന്നത് തൊഴിലാളികളേയും നിര്‍മ്മാണമേഖലയേയുമെല്ലാം പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി മണല്‍ വിപണന മേഖല നിലച്ചിരിക്കുന്നത് കേന്ദ്ര ഹരിത ട്രൈബൂണലിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള നിരോധനമാണ്. അതേസമയം മണല്‍വാരല്‍ പുനരാരംഭിക്കാനുള്ള സാധ്യത തെളിയുന്നതായി മണല്‍ യൂണിയന്‍ ഭാരവാഹികള്‍ പറയുന്നുണ്ട്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പരിസ്ഥിതി ആഘാത പഠന സമിതികള്‍ രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
ഇതിന് ശേഷം ജില്ലാതല മണല്‍ വാരല്‍ വിദഗ്ധ സമിതിയും രൂപീകരിച്ചതിനാല്‍ പെരിയാറിലേയും മുവാറ്റുപുഴയാറിലേയും മണല്‍ വിപണനം പുനരാരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടില്ലെന്നുള്ള കാരണത്താലാണ് കേന്ദ്ര ഹരിത ട്രൈബൂണലിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ മണല്‍ കടവുകള്‍ അടച്ചുപൂട്ടിയത്. ജില്ലയിലെ നാല് നഗരസഭകളിലും, 17 പഞ്ചായത്തുകളിലുമായി 54 മണല്‍ കടവുകളാണുള്ളത്. ഇവിടങ്ങളിലായി ആറായിരത്തോളം പുരുഷന്മാരും, സ്ത്രീകളുമടക്കമുള്ള തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. കടവുകള്‍ നിര്‍ത്തിയതോടെ ഇവരുടെ കാര്യവും അവതാളത്തിലായിരിക്കുകയാണ്.
സാധാരണ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മണ്‍സൂണ്‍ കാല നിരോധനം നിലവിലുള്ളതാണ്. നിരോധനം പിന്‍വലിക്കുകയാണങ്കില്‍ അടുത്ത മാസം മുതല്‍ മണല്‍ വാരല്‍ ആരംഭിക്കാവുന്നതാണ്. മണല്‍ വിപണനമേഖലയിലെ പ്രതിസന്ധി കെട്ടിട നിര്‍മാണ തൊഴിലാളികളേയും, ലോറി തൊഴിലാളികളേയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയും ഏറെക്കുറെ സ്തംഭിച്ചുകൊണ്ടിരിക്കുകയാണ്. മണലിന് പകരം പാറപ്പൊടി ഉപയോഗിക്കാമെങ്കിലും ഇതിന്റെ വില യാതൊരു നിയന്ത്രണവുമില്ലാതെ കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പുഴ മണല്‍ നിരോധനമാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 70 ശതമാനം വരെ വില വര്‍ധിക്കുന്നതിന് കാരണമായത്. കൂടാതെ നിലവാരമുള്ള പാറപ്പൊടിയുടെ ലഭ്യതയും കുറവാണ്. .
യഥാര്‍ഥത്തില്‍ കേന്ദ്ര ഗ്രീന്‍ ട്രൈബൂണലിന്റെ വിധി ഇവിടെ ബാധകമാക്കേണ്ടതില്ലെന്നാണ് നേരത്തെ ജില്ല വിദഗ്ധ സമിതിയില്‍ അഭിപ്രായമുയര്‍ന്നിരുന്നതാണ്. കാരണം പരിസ്ഥിതി നിയമങ്ങള്‍ക്കനുസൃതമായാണ് മണല്‍ വാരല്‍ ജില്ലയിലെ നദികളില്‍ നടക്കുന്നത്. മണല്‍ നദികളില്‍ നിന്നും വാരുന്നതിന് കരയില്‍ നിന്നും, പാലങ്ങള്‍, ജലസേചന പദ്ധതികള്‍ എന്നിവകളില്‍ നിന്നുമെല്ലാം നിശ്ചിത ദൂരം പാലിച്ചാണ് കടവുകള്‍ അനുവദിച്ചിരിക്കുന്നത്. മണലിന്റെ ലഭ്യത മുന്‍ നിര്‍ത്തി മണ്‍സൂണ്‍ കാലത്ത് മൂന്ന് മാസത്തെ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം ഇതിന് അനൂകൂലമായ നിലപാട് അന്ന് സ്വീകരിക്കാത്തതിനാല്‍ തിരുമാനമാകാതെ പിരിയുകയായിരുന്നു.
നടപടിക്രമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിച്ച് ജില്ലയിലെ അംഗീകൃത കടവുകളില്‍ ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ മണല്‍ വാരല്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയന്‍ എഐടിയുസി ജില്ലാ സെക്രട്ടറി കെ.എന്‍. ഗോപിയും, സിഐടിയു ജില്ലാ പ്രസിഡന്റ് കെ.പി. സലിമും ജില്ലാ കള്കടറെ നേരില്‍ കണ്ട് നിവേദനം നല്‍കിയിരുന്നു.