മദ്യനയത്തില്‍ ഇടതുമുന്നണി ജനങ്ങളെ കബളിപ്പിക്കുന്നു: കെ. ബാബു

EKM-BABUകൊച്ചി: മദ്യനയത്തിന്റെ പേരില്‍ ഇടതു മുന്നണി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് തൃപ്പൂണിത്തുറ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ. ബാബു.വ്യക്തമായ ഒരു മദ്യനയം പോലുമില്ലാത്ത ഇടതു മുന്നണി ബാര്‍ ലൈസന്‍സിന്റെ പേരില്‍ പുകമറ സൃഷ്ടിക്കുകയാണ്. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞു. ഇതില്‍ ഇളിഭ്യരായ സിപിഎം നേതാക്കള്‍ പുതിയ ആരോപണങ്ങളുമായി ജനങ്ങളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുകയാനെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഉദയംപേരൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലാത്ത തെരഞ്ഞെടുപ്പാണിത്. സര്‍ക്കാര്‍ തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ യുഡിഎഫ് വിജയം അനിവാര്യമാണെന്നും ബാബു പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ. അബ്ദുള്‍ മുത്തലിബ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ ജൂബന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ആര്‍.കെ. സുരേഷ് ബാബു, രാജു പി. നായര്‍, ഗീത സജീവ്, സി.,വിനോദ്,ബാബു ആന്റണി, സത്യവ്രതന്‍, ജോണ്‍ ജേക്കബ്, ഗോപിദാസ്, സോമിനി സണ്ണി, കെ.വി. രത്‌നാകരന്‍, മദനന്‍, മിനി ദിവാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകിട്ട് ഏരൂര്‍ മണ്ഡലം കണ്‍വന്‍ഷനിലും കുടുംബയോഗത്തിലും ബാബു പങ്കെടുത്തു.

Related posts