സ്വന്തം ലേഖകന്‍
തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡിന്റെ തൃശൂര്‍ പടിഞ്ഞാറേകോട്ടയിലെ വിദേശമദ്യശാലയില്‍നിന്ന് ഒരു ലക്ഷം രൂപ അനധികൃതമായി മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ ഓഫീസിലേക്കു നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ വിജലന്‍സ് കോടതി ഉത്തരവിട്ടു.
ഒരു മാസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നു ജഡ്ജി എസ്.എസ്. വാസന് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി വേണുഗോപാലിനു നിര്‍ദേശം നല്കി. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിക്കെതിരേ മന്ത്രി സി.എന്‍. ബാലകൃഷ്ണന് അടക്കം എട്ടു പ്രതികള്‍ക്കെതിരേ കഴിഞ്ഞ ഫെബ്രുവരി 18 നു കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചു നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്നലെ വിജലന്‍സ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.
എന്നാല്‍, റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്നു പരാതിക്കാരനായ ജോര്‍ജ് വട്ടുകുളം ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി പരിഗണനയ്ക്കെടുത്തത്. കണ്‍സ്യൂമര്‍ ഫെഡ് വിദേശമദ്യശാലയില്‍നിന്നു പണം കൊടുത്തയച്ചതിന്റെ രേഖ പരാതിക്കാരന് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണം നടത്തിയ എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി മൊഴിയെടുത്തപ്പോഴും താന്‍ കാര്യങ്ങള്‍ വിശദീകരിച്ചതായിരുന്നെന്നു പരാതിക്കാരന് പറഞ്ഞു.
എന്നാല്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടു പൂര്‍ണമല്ലെന്നു വിലയിരുത്തിയശേഷമാണ് കോടതി വീണ്ടും അന്വേഷണത്തിനായി ഉത്തരവിട്ടത്. മദ്യവില്പന ഇടപാടില്‍ മദ്യക്കമ്പനികള്‍ ഇന്‍സെന്റീവ് നല്‍കിയിരുന്നതായി വിജിലന്‍സ് പോലീസ് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.