കണ്ണൂര്‍: തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഓഫീസ് കണ്ണൂര്‍ തെക്കീ ബസാറില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ മണ്ഡലം എംഎല്‍എ എന്ന നിലയിലും മന്ത്രിയുടെ നേതൃത്വത്തിലും നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങള്‍ക്കാവശ്യമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. തെക്കീ ബസാറില്‍ കക്കാട് റോഡ് ജംഗ്ഷനിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഓഫീസ്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.
ഇന്നലെ മാത്രം നാല്‍പതിലധികം നിവേദനം മന്ത്രിക്ക് ലഭിച്ചു. ഗതാഗത പ്രശ്‌നം, കുടിവെള്ളം, മാലിന്യ നിര്‍മാര്‍ജനം, പെന്‍ഷന്‍, ചികിത്സാസഹായം, പാലം നിര്‍മാണം തുടങ്ങിയ വിവിധ ആവശ്യങ്ങളായിരുന്നു നിവേദനത്തിലൂടെ ഉന്നയിച്ചത്. ഓരോ നിവേദനത്തെ കുറിച്ചും പഠിച്ച് ഉടന്‍ തന്നെ പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ചടങ്ങില്‍ യു.ബാബു ഗോപിനാഥ് അധ്യക്ഷനായിരുന്നു. വെള്ളോറ രാജന്‍, കെ.പി. ജയപാലന്‍, ടി നിസാര്‍ അഹമ്മദ്, പി.കെ. ശബരീഷ്കുമാര്‍, കെ.പി. സുധാകരന്‍, അഡ്വ. ശ്രീകാന്ത് വര്‍മ, വി.വി. കുഞ്ഞികൃഷ്ണന്‍, സി.ജയചന്ദ്രന്‍, പി.പി. ലക്ഷ്മണന്‍, മഹമ്മൂദ് പറക്കാട്ട്, കുമരകം രഘുനാഥ്, ഇപിആര്‍ വേശാല, വി.ജി. ഗോപിനാഥ്, കെ.കെ. ജയപ്രകാശ്, കൈപ്രത്ത് കുഞ്ഞികൃഷ്ണന്‍, മാത്യു പുതുപറമ്പില്‍, എന്‍. ബാലകൃഷ്ണന്‍ എന്‍.ചന്ദ്രന്‍, കെ.ഗോപി എന്നിവര്‍ പ്രസംഗിച്ചു.