മലയാളത്തിന്റെ സ്വന്തം നാരങ്ങാവെള്ളം

limeനാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളം. അതു കണ്ണിനും ചര്‍മത്തിനും അതു ഗുണപ്രദം. ദഹനക്കേടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ നാരങ്ങാനീരു സഹായകം. ചെറു ചൂടുവെളളവുമായി കലര്‍ത്തി ഉപയോഗിക്കുന്നതു നെഞ്ചിരിച്ചില്‍, മനംപിരട്ടല്‍ എന്നിവ കുറയ്ക്കും. പതിവായി നാരങ്ങാവെളളം കുടിക്കുന്നതുമലബന്ധം കുറയ്ക്കാന്‍ സഹായകം.

ചര്‍മത്തിലുണ്ടാകുന്ന കറുപ്പുനിറവും ചുളിവുകളും മാറി ചര്‍മം സുന്ദരമാകും. കണ്ണുകളുടെ തിളക്കം കൂടും. അതു സൗന്ദര്യം കൂട്ടും.

നാരങ്ങാനീരു പുരട്ടുന്നതു വായുടെയും പല്ലുകളുടെയും ആരോഗ്യത്തിനു ഗുണപ്രദം. പല്ലുവേദന കുറയ്ക്കും. മോണകളിലെ മുറിവുകള്‍ സുഖപ്പെടുത്തും. പതിവായി നാരങ്ങാനീരു കുടിക്കുന്നതു ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നതിനും സഹായകം.

നാരങ്ങാനീരിനു ചിലതരം ബാക്ടീരിയയെ തടയുന്നതിനുളള ശേഷിയുണ്ട്. നാരങ്ങാനീരും ചെറുചൂടുവെളളവും ചേര്‍ത്തു കവിള്‍ക്കൊളളുന്നതു തൊണ്ടയിലെ വ്രണങ്ങള്‍, അണുബാധ, ടോണ്‍സിലൈറ്റിസ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുളള പരിഹാരമാകും. അതുപോലെതന്നെ ചിലതരം കാന്‍സറുകളെ തടയാന്‍ നാരങ്ങയിലെ വിറ്റാമിന്‍ സി സഹായകമെന്നു പഠനം.

അമിതവണ്ണമുളളവര്‍ പതിവായി നാരങ്ങാനീരും തേനും ചേര്‍ത്തു കഴിക്കുന്നതു ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പു നീക്കുന്നതിനു സഹായകം. ഫലമോ? ശരീരസൗന്ദര്യം മെച്ചപ്പെടും. നാരങ്ങാനീരില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ബിപി കൂടുതലുളളവര്‍ പതിവായി നാരങ്ങാനീരു കഴിച്ചാല്‍ ബിപി കുറയും; ഹൃദയാഘാതസാധ്യതയും.

നെഞ്ചില്‍ കഫക്കെട്ടുളളവര്‍ നാരങ്ങാനീരു ചൂടുവെളളത്തില്‍ കലര്‍ത്തി കുടിച്ചാല്‍ ശ്വാസനാളത്തില്‍ അടിഞ്ഞുകൂടിയ കഫം അലിഞ്ഞു പുറത്തുവരും. ശരീരത്തിലടിഞ്ഞു കൂടുന്ന വിഷമാലിന്യങ്ങളെ നീക്കുന്നതിനും നാരങ്ങാനീരു ഗുണപ്രദം. മൂത്രനാളിയില്‍ അണുബാധയുണ്ടാകുന്നതു തടയാനും ഫലപ്രദം.

വൃത്തിയില്‍ വിട്ടുവീഴ്ചയില്ല

നാരങ്ങാനീരില്‍ ചേര്‍ക്കുന്ന വെള്ളം ശുദ്ധമായിരിക്കണം. കൈകള്‍ അണുനാശക സ്വഭാവമുള്ള സോപ്പോ ഹാന്‍ഡ് വാഷോ പുരട്ടി വൃത്തിയായി കഴുകിയ ശേഷമേ നാരങ്ങാ പിഴിഞ്ഞു നീരെടുക്കാവൂ. നാരങ്ങാഞെക്കി ഉപയോഗിക്കുന്നതാണു നല്ലത്. പ്രത്യേകിച്ചു എച്ച് 1 എന്‍ 1 ഉള്‍പ്പെടെ വിവിധതരം പകര്‍ച്ചപ്പനികള്‍ നാടാകെ പടരുന്ന കാലങ്ങളില്‍. പാത്രങ്ങള്‍ അണുനാശക സ്വഭാവമുളള സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കാന്‍ മറക്കരുത്. നാരങ്ങാവെളളം പകരാനെടുക്കുന്ന ഗ്ലാസും പാത്രവും ശുദ്ധജലത്തില്‍ കഴുകണം. അപ്രകാരം വൃത്തി ഉറപ്പു വരുത്തുന്ന കടകള്‍ നിരവധിയാണ്. എന്നാല്‍, വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ശീതളപാനീയങ്ങള്‍ തയാറാക്കി നല്കുന്നവരുമുണ്ട്. അവരെ തിരിച്ചറിയണം; ഒഴിവാക്കണം.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

Related posts