മഴ കനക്കുന്നു, വാതില്‍മാടം കോളനി നിവാസികള്‍ മണ്ണിടിച്ചില്‍ ഭീതിയില്‍

TCR-MANNIDICILഇരിങ്ങാലക്കുട: മഴ കനത്തതോടെ മാപ്രാണം വാതില്‍മാടം ക്ഷേത്രത്തിനടുത്തുള്ള നാലു സെന്റ് കോളനിയിലെ എട്ടോളം കുടുംബങ്ങള്‍ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണിയില്‍.     രണ്ടു വര്‍ഷം മുമ്പ് ശക്തമായ മഴയില്‍ കോളനിയിലെ താമസക്കാരായ കൂടാരത്തില്‍ മണിയുടെ വീട് പൂര്‍ണമായും മണ്ണിടിഞ്ഞുവീണ് തകര്‍ന്നിരുന്നു. ഇതിന് സമീപമുള്ള എട്ടോളം  വീട്ടുകാരാണ് ഇത്തവണ നാല്‍പ്പത് അടിയോളം ഉയരത്തില്‍ നില്‍ക്കുന്ന മണ്ണ് ഏതുനിമിഷവും താഴേക്ക് പതിക്കുമെന്ന ഭീതിയില്‍ കഴിയുന്നത്.

നെടുംപറമ്പില്‍ എല്‍സി ജോണ്‍സന്‍, പേടിക്കാട്ടുപറമ്പില്‍ ഗിരിജ, പട്ടത്താഴത്ത് കാര്‍ത്യാനി, പേനങ്ങത്ത് കാളിക്കുട്ടി, അറക്ക വീട്ടില്‍ സുഹറ തുടങ്ങി എട്ടു പേരുടെ വീടുകളാണ് മണ്ണിടിച്ചില്‍ ഭീഷണിയിലുള്ളത്. ഇതിനുമുമ്പ് രണ്ടുതവണ മണ്ണിടിച്ചില്‍ ഉണ്ടായത് പുലര്‍ച്ചെയായതിനാല്‍ രാത്രിയില്‍ മഴ കനത്താല്‍ ഉറക്കമൊഴിച്ച് കാവലിരിക്കേണ്ട ഗതികേടിലാണ് ഇവിടത്തുകാര്‍. കഴിഞ്ഞ ദിവസം ഉണ്ടായ മഴയില്‍ നേരിയ തോതില്‍ മണ്ണിടിഞ്ഞു വീണിരുന്നു. മാത്രവുമല്ല, ഏതു സമയവും വീഴാവുന്ന രീതിയില്‍ മന്നിനു മേല്‍ഭാഗം വിണ്ടു നില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണ്ണെടുപ്പ് നടത്തിയതിന്റെ ഭാഗമായി നിരവധി തവണ മണ്ണിടിയുകയും അതിന്‍െറ കെടുതികള്‍ നേരിടുകയും ചെയ്ത പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളിലൊന്നാണിത്.

കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലിനെ തുടര്‍ന്ന് കോളനി നിവാസികളെ മാടായിക്കോണം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചെങ്കിലും സ്കൂള്‍ തുറന്നപ്പോള്‍ അവര്‍ക്ക് തിരിച്ച് വരേണ്ടി വന്നു. തുടര്‍ന്ന് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും ഇതുവരെ പാലിച്ചിട്ടില്ലെന്ന് വാതില്‍മാടം നിവാസികള്‍ പറഞ്ഞു. കൂലിപണി ചെയ്തു ജീവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് ഈ വീടുകളില്‍ താമസിക്കുന്നത്.

അധികൃതരുടെ ഭാഗത്തുനിന്ന് ഉടനടി സംരക്ഷണ പ്രവര്‍ത്ത  നങ്ങള്‍ ഉണ്ടായെങ്കില്‍ മാത്രമേ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭീകര ദുരന്തത്തിന് പരിഹാരമാവുകയുള്ളൂ. വാതില്‍ മാടം കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ നിവേദനമായി നല്‍കിയിട്ടുണ്ടെന്നും അടുത്തയാഴ്ച നടക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ സിസി ഷിബിന്‍ പറഞ്ഞു.

Related posts