ചെറായി: കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ ചെറായി , പള്ളത്താംകുളങ്ങര ബീച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ മണല്‍ തീരം കടലമ്മ കവര്‍ന്നു. മണല്‍ മുഴുവന്‍ ഒലിച്ചുപോയതോടെ തീരത്ത് കരിങ്കല്‍ കെട്ടുകള്‍ തെളിഞ്ഞുകാണാം. ഇതേ പോലെ കുഴുപ്പിള്ളി എടവനക്കാട് മേഖലകളിലെ കടല്‍തീരത്ത് സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന മണല്‍ പരപ്പും കടല്‍ കവര്‍ന്നു. ചാത്തങ്ങാട് കടപ്പുറം മുതല്‍ പള്ളത്താംകുളങ്ങര ബീച്ച് ടൂറിസ്റ്റ് കേന്ദ്രത്തിനു വടക്കു മാറി മൂന്ന് കിലോമീറ്ററോളം നീളത്തില്‍ കിടന്നിരുന്ന മണല്‍പ്പരപ്പ് ഏതാണ്ട് അഞ്ചു മീറ്ററിലധികം വീതിയിലാണ് കടല്‍ കവര്‍ന്നെടുത്തിരിക്കുന്നത്.
രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുന്ന കാലവര്‍ഷമാണ് വില്ലനായത്. മഴ ഇനിയും ശക്തിയാര്‍ജ്ജിച്ചാല്‍ തിരകള്‍ ഇനിയും തീരത്തെ വിഴുങ്ങും. കാലവര്‍ഷം കനത്തതോടെ നായരമ്പലം പുത്തന്‍ കടപ്പുറം, എടവനക്കാട് അണിയല് ബീച്ച് , പഴങ്ങാട് ബീച്ച് ചാത്തങ്ങാട് ബീച്ച് എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമായിട്ടുണ്ട്. ഴങ്ങാട് തകര്ന്നിടിഞ്ഞ കടല്‍ ഭിത്തിക്ക് മുകളിലൂടെ കടല്‍വെള്ളത്തിനൊപ്പം മണലും ഒഴുകിയെത്തുന്നുണ്ട്. മണല്‍ തീരദേശ റോഡില്‍ വന്ന് വീഴുന്നതിനാല്‍ വാഹന ഗതാഗതം മുടങ്ങിയിരിക്കുകയാണ്. വേലിയേറ്റ സമയങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാണ്. ഇപ്പോള്‍ ആരെയും മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയില്ല.
കടല്‍ കവിഞ്ഞൊഴുകിയെത്തുന്ന വെള്ളം തീരദേശ റോഡും കവിഞ്ഞ് അടുത്തുള്ള വീടുകളുടെ വളപ്പിലേക്ക് ഒഴുകുകയാണ്. വരും ദിവസങ്ങളിലും മഴ തോരാതെ പെയ്യുകയാണെങ്കില്‍ എടവനക്കാട് പഴങ്ങാട് കടല്‍ഭിത്തിയില്ലാത്ത ഭാഗത്ത് നിന്നും നായരമ്പലം പുത്തന്‍ കടപ്പുറം ഭാഗത്ത് നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നേക്കും. കനത്ത മഴമൂലം മത്സ്യതൊഴിലാളികള്‍ കടലിലും പുഴയിലും മത്സ്യബന്ധനത്തിനു പോയിട്ടില്ല. മഴ തുടര്‍ന്നാല്‍ തീരത്ത് കടുത്ത വറുതിയാകുമെന്നതുകൊണ്ട് മത്സ്യതൊഴിലാളികള്‍ ആശങ്കയിലാണ്.