മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്കൂള്‍; തിടമ്പേറ്റി പാലക്കാട്

PALAKKADതേഞ്ഞിപ്പലം: കായികോത്സവത്തില്‍ തിടമ്പേറ്റിയത് പാലക്കാട്. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ കല്ലടി സ്കൂളിന്റെ മികവില്‍ എറണാകുളത്തെ പിന്തള്ളിയ പാലക്കാടിന് കായികകിരീടം. കോതമംഗലം മാര്‍ ബേസിലാണ് ചാമ്പ്യന്‍ സ്കൂള്‍. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ രണ്ടാം തവണയാണ് പാലക്കാട് കിരീടത്തില്‍ മുത്തമിടുന്നത്. മാര്‍ ബേസിലിന് ഒന്നാം സ്ഥാനത്തിത് നാലാമൂഴം.

എട്ടു പോയിന്റ് വ്യത്യാസത്തിനാണ് പാലക്കാട് എറണാകുളത്തെ മറികടന്നത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 13 വീതം സ്വര്‍ണവും വെള്ളിയും എട്ട് വെങ്കലവുമടക്കം 117 പോയിന്റോടെയാണ് മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്കൂള്‍ പദവി നിലനിര്‍ത്തിയത്. കുമരംപൂത്തൂര്‍ കല്ലടി എച്ച്എസ്എസ ആണ് രണ്ടാം സ്ഥാനത്ത്. 102 പോയിന്റ്. 14 സ്വര്‍ണവും ആറ് വെള്ളിയും ഏഴ് വെങ്കലവും. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പറളി സ്കൂള്‍ നാലാമതായി. കോതമംഗലം സെന്റ് ജോര്‍ജിനാണ് മൂന്നാം സ്ഥാനം.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് പൊലിമ കുറഞ്ഞ അവസാനദിവസം പക്ഷേ കിരീടപ്പോരാട്ടം ആവേശകരമായിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്റര്‍ തുടങ്ങുമ്പോള്‍ പാലക്കാടിന് 229. എറണാകുളത്തിന് 228. ഈയിനത്തില്‍ പാലക്കാടിന്റെ മുഹമ്മദ് അഫ്‌സല്‍ ഒന്നാമതെത്തിയപ്പോള്‍ പാലക്കാടിന് മുന്നേറ്റം, 234 പോയിന്റ്. ടി.വി.അഖിലിന്റെ മൂന്നാം സ്ഥാനം വഴി എറണാകുളത്തിന് ഒരു പോയിന്റ് കൂടി, 229.

അടുത്ത ഇനം ജൂണിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍. ഇതില്‍ പാലക്കാടിനും എറണാകുളത്തിനും പോയിന്റൊന്ന്ും ലഭിച്ചില്ല. ജൂണിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ എറണാകുളം ഉണ്ടായിരുന്നില്ല. പാലക്കാടിന്റെ പി.എസ്.അഖില്‍ സ്വര്‍ണം നേടിയതോടെ പാലക്കാട് 10 പോയിന്റ് മുന്നില്‍. സബ്ജൂണിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ രണ്ടു ടീമി്‌നും മെഡലൊന്നും കിട്ടിയില്ല. 200 മീറ്ററിലെ അവസാന സബ് ജൂണിയര്‍ ആണ്‍കുട്ടികളില്‍ പി.കെ. അഭിനവിന്റെ വെള്ളിയിലൂടെ എറണാകുളത്തിന് ആശ്വാസം. പാലക്കാടിനായിരുന്നു വെങ്കലം. കെ. അഭിജിത്തിലൂടെ ഒരു പോയിന്റ്. ടീമുകള്‍ തമ്മിലുള്ള വ്യത്യാസം എട്ടു പോയിന്റായി കുറഞ്ഞു.

തുടര്‍ന്നു വന്ന ജൂണിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കല്ലടിയുടെ സി. ചാന്ദ്‌നി സ്വര്‍ണമണിഞ്ഞതോടെ പാലക്കാട് ലീഡ് 13 പോയിന്റിലേക്കുയര്‍ത്തി. എറണാകുളത്തിന് ഏറെ പ്രതീക്ഷയുള്ളതായിരുന്നു ജൂണിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍. മത്സരത്തിനു മുമ്പെ സ്വര്‍ണവും വെള്ളിയും ഉറപ്പിച്ച മട്ടിലായിരുന്നു. എന്നാല്‍ അഭിഷേക് മാത്യുവിലൂടെ ഒന്നാം സ്ഥാനം ലഭിച്ചെങ്കിലും കെ.എ.അഖില്‍, ടി.പ്രണവ് എന്നിവരിലൂടെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ പിടിച്ചെടുത്ത് പാലക്കാട് നില കൂടുതല്‍ ഭദ്രമാക്കി. വ്യത്യാസം 12 പോയിന്റ്.

ഒന്നാം സ്ഥാനത്തിന് പത്തു പോയിന്റുള്ള റിലേ മത്സരങ്ങള്‍ ഇതോടെ നിര്‍ണായകമായി. സീനിയര്‍ പെണ്‍കുട്ടികളുടെ 4–400 റിലേ ഫൈനലില്‍ മത്സരിക്കാന്‍ പാലക്കാടുണ്ടായിരുന്നില്ല. എറണാകുളത്തിന് സുവര്‍ണാവസരം. രണ്ടു റിലേയും ജയിച്ചാല്‍ ചാമ്പ്യന്‍മാരാകാം. അപ്പോഴാണ് വില്ലനായി പരിക്ക് വന്നത്. റിലേ ഓടേണ്ട രണ്ടു പേര്‍ക്ക് പരിക്ക്. അതോടെ എറണാകുളം പിന്‍മാറി. ഒപ്പം പാലക്കാട് കിരീടം ഉറപ്പിക്കുകയും ചെയ്തു. മേളയിലെ അവസാന ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 4–400 മീറ്റര്‍ റിലേയില്‍ എറണാകുളം ഒന്നാം സ്ഥാനത്ത് കുതിച്ചെത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം സ്ഥാനം നേടിയ പാലക്കാട് 255 പോയിന്റോടെ ജേതാക്കളായി. 247 പോയിന്റോടെ എറണാകുളം രണ്ടാമത്.

മേളയില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ബിബിന്‍ ജോര്‍ജ്, കല്ലടിയുടെ സി.ചാന്ദ്‌നി, ഉഷ സ്കൂളിലെ എല്‍ഗ തോമസ് എന്നിവര്‍ ട്രിപ്പിള്‍ സ്വര്‍ണം നേടി. അവസാനദിവസം രണ്ടു മീറ്റ് റിക്കാര്‍ഡുകള്‍ പിറന്നു. ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ കല്ലടി സ്കൂളിലെ എം.ജിഷ്ണ 1.70 മീറ്റര്‍ ചാടി പുതിയ ഉയരം കുറിച്ചു. ഡൈബി സെബാസ്റ്റ്യന്റെ പേരിലായിരുന്നു പഴയ റിക്കാര്‍ഡ്. 1.64 മീറ്റര്‍. ഈയിനത്തില്‍ ലിസ്ബത്ത് കരോളിന്‍ ജോസഫിന്റെ പേരിലുള്ള 1.65 മീറ്ററിന്റെ ദേശീയ റിക്കാര്‍ഡിനെ വെല്ലുന്ന പ്രകടനവുമായി.

ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയിലായിരുന്നു മറ്റൊരു മീറ്റ് റിക്കാര്‍ഡ്. പറളി എച്ച്എസിലെ ശ്രീവിശ്വ 49.96 മീറ്റര്‍ എറിഞ്ഞ് ശ്രീഹരി വിഷ്ണുവിന്റെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡ് തകര്‍ത്തു.

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് ആദരവ് പ്രകടിപ്പിച്ചു കൊണ്ട് മേളയുടെ സമ്മാനദാനച്ചടങ്ങും സമാപന മാര്‍ച്ച്പാസ്റ്റും ഉപേക്ഷിച്ചു. സമ്മാനദാനച്ചടങ്ങ് മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.

എസ്.ജയകൃഷ്ണന്‍

പോയിന്റ് നില

ജില്ല

പാലക്കാട് 255

എറണാകുളം 247

കോഴിക്കോട് 101

തിരുവനന്തപുരം 73

മലപ്പുറം 59

തൃശൂര്‍ 53

കോട്ടയം 33

ഇടുക്കി 23

കൊല്ലം 21

പത്തനംതിട്ട 16

കണ്ണൂര്‍ 13

വയനാട് 6

ആലപ്പുഴ 6

കാസര്‍ഗോഡ് 3

സ്കൂള്‍

കോതമംഗലം മാര്‍ ബേസില്‍ 117

കല്ലടി എച്ച്എസ് കുമരംപുത്തൂര്‍ 102

സെന്റ് ജോര്‍ജ് കോതമംഗലം 50

പറളി എച്ച്എസ് 45

മുണ്ടൂര്‍ എച്ച്എസ് 40

കടകശേരി ഐഡിയല്‍ 38

പൂവമ്പായി എഎം എച്ച്എസ് 37

മാതിരപ്പിള്ളി വിഎച്ച്എസ്എസ് 30

നാട്ടിക ഗവ.ഫിഷറീസ് 27

പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് 24

Related posts