കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 29ന് കണ്ണൂരില്‍ ഏഴു പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒന്‍പതിന് ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന മുഖ്യമന്ത്രി പരീക്ഷപ്പറക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഹെലികോപ്റ്ററില്‍ അയ്യന്‍കുന്ന് പാലത്തിന്കടവിലെത്തി ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഹെലികോപ്ടറില്‍ കാസര്‍ഗോട്ടേക്കു പോകും. വൈകുന്നേരം നാലിന് ഹെലികോപ്റ്ററില്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലിറങ്ങി കണ്ണൂര്‍ സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4.30ന് പള്ളിക്കുന്ന് കൃഷ്ണമേനോന് വനിതാ കോളജില്‍ സയന്‍സ് ബ്ലോക്ക് ഉദ്ഘാടനം. അഞ്ചിന് ധര്‍മടത്തെ പുതിയപാലം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി ആറിന് അഴീക്കോട് കൈത്തറി ഗ്രാമത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഏഴിന് കണ്ണൂര്‍കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ ഉദ്ഘാടനമാണ് ഒടുവിലത്തെ പരിപാടി.
മുഖ്യമന്ത്രിയുടെ മുഴുവന്‍ പരിപാടികളും എല്‍ഡിഎഫ് ബഹിഷ്കരിക്കുകയും കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുകയും ചെയ്യുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തുന്നത്. അഴിമതിയാരോപണത്തിനിരയായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എല്‍ഡിഎഫ് പ്രതിഷേധം. മന്ത്രിമാരായ കെ. ബാബു, ആര്യാടന് മുഹമ്മദ് എന്നിവര്‍ പങ്കെടുക്കുന്ന പരിപാടികളും എല്‍ഡിഎഫ് ബഹിഷ്കരിക്കും.