മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും സുഹൃത്തിനേയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികളായ പോലീസുകാര്‍ കീഴടങ്ങി

hill-palaceകൊച്ചി: തൃപ്പൂണിത്തുറ ഹില്‍ പാലസ് സന്ദര്‍ശിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും സുഹൃത്തിനേയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികളായ രണ്ട് പോലീസുകാര്‍ കീഴടങ്ങി. ഇന്നലെ വൈകുന്നേരം അന്വേഷണച്ചുമതലയുള്ള തൃപ്പൂണിത്തുറ സിഐയുടെ ഓഫീസിലെത്തിയാണു പ്രതികള്‍ കീഴടങ്ങിയത്.

തൃശൂര്‍ കെഎപി ഫസ്റ്റ് ബറ്റാലിയനില്‍നിന്നും ആലപ്പുഴ എആര്‍ ക്യാമ്പില്‍നിന്നും ഡപ്യൂട്ടേഷനില്‍ എത്തിയ പോലീസുകാരായ ആലപ്പുഴ സ്വദേശി രാജേഷ്, എടക്കാട്ടുവയല്‍ സ്വദേശി അനീഷ് എന്നിവരാണു കീഴടങ്ങിയ പ്രതികള്‍. ഇവരെ ഇന്നു തൃപ്പൂണിത്തുറ കോടതിയില്‍ ഹാജരാക്കും. സംഭവം നടന്ന് ഒരു മാസമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു പ്രതികളുടെ കീഴടങ്ങല്‍.

ഹില്‍ പാലസിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരായിരുന്നു പ്രതികളായ പോലീസുകാര്‍. ഇവിടത്തെ സിസിടിവി കാമറയില്‍ പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും അത് വീട്ടുകാരെ കാണിക്കുമെന്നും പോലീസുകാര്‍ ഭീഷണിപ്പെടുത്തി. ഭയന്നു പോയ പെണ്‍കുട്ടി കയ്യിലുണ്ടായിരുന്നതും എടിഎമ്മില്‍ നിന്നെടുത്തതുമായ നാലായിരം രൂപ പോലീസുകാര്‍ക്ക് നല്‍കുകയായിരുന്നു.

പണം എടുത്ത വിവരം പെണ്‍കുട്ടിയുടെ അച്ഛന്റെ ഫോണില്‍ സന്ദേശമായി എത്തുകയും ഇതേക്കുറിച്ചു ചോദിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് പെണ്‍കുട്ടി വീട്ടില്‍പോകാതെ ഇടുക്കിയിലെ ബന്ധു വീട്ടിലേക്ക് പോയി. പെണ്‍കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന്് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് സംഗതി പുറംലോകം അറിയുന്നത്.  സംഭവശേഷം പ്രതികള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്ക്  രക്ഷപെടാന്‍ പോലീസുകാര്‍ തന്നെ ഒത്താശ ചെയ്തു കൊടുത്തുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

Related posts