മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയിലെ കാന്റീന്‍ അടച്ചുപൂട്ടിയിട്ട് രണ്ടു മാസം പിന്നിട്ടു. രോഗികളും ജീവനക്കാരും ഭക്ഷണത്തിനു വേ്ണ്ടി അലയുന്നു. ജീവനക്കാര്‍ക്കു വേണ്ടി ആശുപത്രി വാര്‍ഡിനു സമീപം മിനി കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും മൂന്നു ദിവസം മുമ്പ് ഭക്ഷണത്തില്‍ പാറ്റയെ കണ്ടതിനെ തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അതും അടച്ചുപൂട്ടി. രോഗികള്‍ക്ക് ഏറെ സഹായകമായിരുന്ന കുടുംബശ്രീ കാന്റീന്‍ രണ്ടു മാസം മുമ്പാണ് അടച്ചുപൂട്ടിയത്.
വാടക കുടിശികയാണ് അടച്ചുപൂട്ടലിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ പകരം സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടുമില്ല. കാന്‍സര്‍ രോഗികളടക്കം നിരവധി പേരാണ് ദിവസേന നെഞ്ചുരോഗാശുപത്രിയിലെത്തുന്നത്. ഇവര്‍ക്ക് ഭക്ഷണം കിട്ടാന്‍ മാര്‍ഗമില്ല. ഒരു ഗ്ലാസ് ചൂടുവെള്ളം വേണമെങ്കില്‍ അതു കിട്ടാന്‍പോലും വഴിയില്ലാത്ത അവസ്ഥയാണുള്ളത്.
ഏറെ ദൂരം നടന്ന് പോയി ആശുപത്രിക്കു പുറത്തുനിന്ന് ആഹാരം വാങ്ങേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. നടക്കാന്‍ പോലും കഴിയാത്ത രോഗികളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ജീവനക്കാര്‍ക്ക് ജോലിക്കിടയില്‍ പുറത്തുപോയി ഭക്ഷണം കഴിക്കേണ്ട അവസ്ഥ പലപ്പോഴും ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലാക്കുന്നുണ്ട്. ഇവര്‍ പുറത്തുപോകുമ്പോള്‍ ആശുപത്രിയില്‍ ആളില്ലാത്തത് പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്.