മ്യൂണിക്ക്: മ്യൂണിക്ക് ലോക്കല്‍ റെയില്‍വേ സ്റ്റേഷനായ ഗ്രാഫിംഗില് ആയുധധാരിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം അഞ്ചിനാണ് സംഭവം. ആക്രമണത്തില്‍ 56 വയസുള്ള ഒരു മധ്യവയസ്കനാണ് മരിച്ചത്. 58, 55, 43 എന്ന പ്രായത്തിലുള്ള മൂന്നു പുരുഷന്മാര്ക്കാണ് പരിക്കേറ്റത്. ഇരുപത്തേഴുകാരനായ അക്രമി കത്തികൊണ്ടുള്ള ആക്രമണമായിരുന്നു നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല.
സംഭവത്തിലെ പ്രതി ഇസ്ലാം തീവ്രാദിയാണെന്നു പോലീസ് ആദ്യം സംശയിച്ചെങ്കിലും പിന്നീട് പോലീസ് നിലപാട് മാറ്റുകയായിരുന്നു. അറബിയില്‍ അള്ളാഹു അക്ബര്‍ എന്നു വിളിച്ചുപറഞ്ഞുകൊണ്്ടാണ് ഇയാള്‍ ആളുകളെ കുത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്. ഇതനുസരിച്ചാണ് പോലീസ് ആദ്യം പ്രസ്താവനയിറക്കിയത്. ഇയാള്‍ക്ക് ഒരു ഭീകരസംഘടനയുമായി ബന്ധമില്ലെന്നും പറയുന്നു. അറസ്റ്റിലായ ആളുടെ പേരില്‍ യാതൊരുവിധ പോലീസ് റിക്കാര്‍ഡുകളും നിലവിലില്ലെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ സംഭവം 13,000 വരുന്ന ഗ്രാമവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. എസന് സംസ്ഥാനത്തിലെ ഗീസന്‍ എന്ന സ്ഥലവാസിയായ 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് ചോദ്യം ചെയ്തുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നരഹത്യയുടെ പേരില്‍ ഇയാള്‍ക്കെതിരെ പോലീസ് ചാര്‍ജ്ഷീറ്റ് തയാറാക്കിയിട്ടുള്ളതായി പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍