യുവാവിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്പിച്ച സംഭവം: പിടിയിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ALP-COURTആലപ്പുഴ: തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ ബൈക്കിലെത്തിയ ഗുണ്ടാസംഘം ഗുരുതരമായി വെട്ടി പരിക്കേല്പിച്ച കേസില്‍ അറസ്റ്റിലായ മൂന്നുപേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലപ്പുഴ ആശ്രമം  സ്വദേശി മാത്യു, പൂന്തോപ്പ്  സ്വദേശി സന്ദീപ്, കൊറ്റംകുളങ്ങര സ്വദേശി നൈസില്‍ എന്നിവരെയാണ് സൗത്ത് പോലീസ് ഇന്ന് ആലപ്പുഴ കോടതിയില്‍ ഹാജരാക്കുക. സംഭവത്തിലെ പ്രധാന പ്രതിയുള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരുകയാണ്.

കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെ വലിയ ചുടുകാടിന് സമീപമായിരുന്നു സംഭവം. തട്ടുകടയിലെത്തിയ യുവാവിനെ ബൈക്കിലെത്തിയ ഗുണ്ടാസംഘം മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്‍തുടര്‍ന്ന സംഘം മാരകമായി വെട്ടിപരിക്കേല്പിച്ചു. കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ആദ്യ വണ്ടാനം മെഡിക്കല്‍ കോളജിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ കേസിലെ പ്രതികളെ സൗത്ത് സിഐ മാത്യു ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടുകയായിരുന്നു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

Related posts