ചാലക്കുടി: കനാലില്‍ വീണ ബാലികയെ സ്വജീവന്‍ പണയപ്പെടുത്തിയ രക്ഷപ്പെടുത്തിയ റൊമാരിയോ ജോണ്‍സനു ജീവന് രക്ഷാപതക്. പതിനേഴുകാരനായ റൊമാരിയോ ജോണ്സണ് പോട്ട തെക്കേക്കര വീട്ടില്‍ ജോണ്‍സന്റേയും മോളിയുടേയും മകനാണ്. 2014 ഏപ്രില്‍ 27ന് ഉച്ചയ്ക്കു 12 മണിയോടെയാണു റൊമാരിയോ രക്ഷകനായ സംഭവം. ആഴമേറിയ പോട്ട വലതുകര കനാല്‍ ബണ്ടിനോടു ചേര്‍ന്നു പൂപറിക്കുകയായിരുന്ന ലിയാന്റോയെന്ന പന്ത്രണ്ടുകാരി കാല്‍തെറ്റി കനാലില്‍ വീഴുകയായിരുന്നു.
പരിസരത്തു തുണിയലക്കുകയായിരുന്ന ഒരു സ്ത്രീ ഇതുകണ്ടു നിലവിളിച്ചപ്പോഴാണ് റൊമാരിയോ ഒന്നും ആലോചിക്കാതെ കനാലിലേക്ക് എടുത്തുചാടിയത്. അപ്പോഴേക്കും കുലംകുത്തിയൊഴുകുന്ന കനാലിലൂടെ അമ്പതോളം മീറ്ററിലേറെ ലിയാന്റോ ഒഴുകിപ്പോയിരുന്നു. മൂന്നുമീറ്റര്‍ ആഴവും പത്തുമീറ്ററില്‍ കൂടുതല്‍ വീതിയുമുള്ള കനാലില്‍ സംഭവ സമയത്തു രണ്ടു മീറ്ററിലേറെ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. ജീവന് പണയപ്പെടുത്തി കുട്ടിയെ കരയ്ക്കെത്തിച്ചോഴാണ് സ്വന്തം സഹോദരിയുടെ ജീവന് തന്നെയാണു തിരിച്ചെടുത്തതെന്നു റൊമാരിയോയ്ക്കു മനസിലായത്. റൊമാരിയോയുടെ പിതൃസഹോദരീപുത്രിയാണ് ലിയാന്റോ.
സംഭവം നടക്കുമ്പോള്‍ ഐരാണിക്കുളം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന റൊമാരിയോ ഇപ്പോള്‍ തൃശൂര്‍ അമല ഐടിഐയിലെ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. ജീവന് രക്ഷാപതകിന്റെ സമ്മാനത്തുക ജില്ലാ കളക്ടര്‍ വി. രതീശന് റൊമാരിയോയ്ക്കു കൈമാറിയിരുന്നു. കളക്ടറുടെ ചേംബറില്‍വച്ച് 49,000 രൂപയുടെ ചെക്കാണു കൈമാറിയത്. ജീവന് രക്ഷാപതക് നേടിയ റൊമാരിയോ മികച്ച ഫുട്ബോള്‍ താരം കൂടിയാണ്. വിവരം അറിഞ്ഞ് ഒട്ടേറെ സംഘടനകള്‍ റൊമാരിയോയെ അഭിനന്ദിച്ചു.