ലണ്ടന്‍: ഗോളി വില്ലി കബല്ലെറോയുടെ കൈകള്‍ കോട്ടയൊരുക്കിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു ലീഗ് കപ്പ് കിരീടം. ഷൂട്ടൗട്ടിലേക്കു കടന്ന ഫൈനലില്‍ ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു സിറ്റി തോല്പിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും ഓരോ ഗോളടിച്ചു സമനില പാലിച്ചു. സിറ്റിക്കായി ഫെര്‍ണാണ്ടിഞ്ഞോ (49) ലക്ഷ്യം കണ്ടപ്പോള്‍ 83-ാം മിനിറ്റില്‍ ഫിലിപ്പ് കൗടീഞ്ഞോ ലിവറിനെ ഒപ്പമെത്തിച്ചു. അധികസമയത്ത് ആര്‍ക്കും വലകുലുക്കാനായില്ല. ഷൂട്ടൗട്ടില്‍ ലിവര്‍പൂളിന്റെ മൂന്ന് ഷോട്ടുകള്‍ തടുത്തിട്ടാണ് കബല്ലെറോ വിജയശില്പിയായത്.
ലിവര്‍പൂളിനായി ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്തത് എംറെ കാന്‍ ലക്ഷ്യം കണ്ടു. എന്നാല്‍ സിറ്റിയുടെ ആദ്യ കിക്കെടുത്ത ഫെര്‍ണാണ്ടീഞ്ഞോയുടെ ഷോട്ട് പുറത്തേക്ക്. ലിവറിന്റെ രണ്ടാം കിക്കെടുത്ത ലൂക്കാസ്, മൂന്നാം കിക്കെടുത്ത ഫിലിപ്പെ കൗടീഞ്ഞോ, നാലാം കിക്കെടുത്ത ആഡം ലല്ലാന എന്നിവരുടെ കിക്ക് സിറ്റി ഗോളി കബല്ലെറോ തട്ടിയകറ്റി. സിറ്റിക്കായി കിക്കുകള്‍ എടുത്ത ജീസസ് നവാസ്, സെര്‍ജിയോ അഗ്യൂറോ, യായ ടൂറെ എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചതുമില്ല.അഞ്ച് തവണ ഫൈനല്‍ കളിച്ച സിറ്റി നാലാം തവണയാണ് ലീഗ് കപ്പ് സ്വന്തമാക്കുന്നത്. 1970, 76, 2014 വര്‍ഷങ്ങളിലായിരുന്നു ഇതിനു മുന്‍പ് ലീഗ് കപ്പ് സ്വന്തമാക്കിയിട്ടുള്ളത്.