കണ്ണൂര്‍: അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ്കുമാറിനെതിരേയുള്ള പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഡിജിപിക്ക് എഴുതിയ കത്ത് യുഡിഎഫ് പ്രചാരണമായുധമാക്കുന്നു. ഒരുഭാഗത്ത് അഴിമതിക്കെതിരേ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന അച്യുതാനന്ദന്‍ തന്റെ പാര്‍ട്ടിയില്‍ തന്നെ ഇത്തരക്കാര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്കുന്നതിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കണമെന്നു ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാര്‍ച്ച് എട്ടിനു വി.എസ്. അച്യുതാനന്ദന്‍ ഡിജിപിക്ക് അയച്ച കത്തില്‍ ഇന്‍ഡോ-ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ എം.വി. നികേഷ്കുമാറും ഭാര്യ റാണി വര്‍ഗീസും തൊടുപുഴ കരിമണ്ണൂരിലെ ലാലി ജോസഫിന്റെ ഒന്നരക്കോടി രൂപ വഞ്ചിച്ചുവെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും പറയുന്നു. നികേഷ്കുമാറിന്റെ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നു മനസിലാക്കുന്നതായും കത്തിലുണ്ട്.
ഇത്രയും ഗുരുതരമായ ആരോപണവിധേയനായ ആളെ തന്നെ വിഎസിന്റെ പാര്‍ട്ടി എന്തിനു സ്ഥാനാര്‍ഥിയാക്കിയെന്നു വിശദീകരിക്കണമെന്നു സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അച്യുതാനന്ദന്റെ കത്ത് ഉയര്‍ത്തിക്കാട്ടി അഴീക്കോട് മണ്ഡലത്തില്‍ നികേഷിനെതിരേ പ്രചാരണം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. ഇതുള്‍പ്പെടെ നികേഷ് കുമാറിന്റെ പേരില്‍ 57 കേസുകളുണ്ട്. ഇതില്‍ 54 എണ്ണവും ചെക്കു കേസുകളാണ്. നാമനിര്‍ദേശപത്രികയോടനുബന്ധിച്ച് സമര്‍പ്പിച്ച രേഖകളില്‍ നികേഷ് തന്നെ കേസുകളുടെ വിവരം വെളിപ്പെടുത്തിയിരുന്നു.