സഹപാഠിയായ വിദ്യാര്‍ഥിനിയുടെ വീടിനു ചുറ്റും കറക്കം: നാട്ടുകാര്‍ കൂടിയപ്പോള്‍ സമീപത്തെ കാട്ടിലൊളിച്ചു; പിന്നീട് രക്ഷപ്പെട്ട് ഓടിയെത്തിയത് പോലീസിന്റെ മുന്നിലും

ktm-bike-moshnamമുക്കൂട്ടുതറ: പത്താംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ വീടിനു ചുറ്റും അര്‍ധരാത്രിയില്‍ ചുറ്റിക്കറങ്ങിയ സഹപാഠിയും രണ്ട് സുഹൃത്തുക്കളും നാട്ടുകാരെ കണ്ട് ഓടി രക്ഷപെട്ടെത്തിയത് പോലീസിനു മുമ്പില്‍. പോലീസിന്റെ പിടിയില്‍ നിന്നു രക്ഷപെടാന്‍ മൂവരും പറഞ്ഞ കള്ളം ഒടുവില്‍ വിനയായി.

സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനു കേസെടുത്തതിനു പുറമേ കള്ളം പറഞ്ഞതിന് ശിക്ഷയായി ഒരു പകല്‍ മുഴുവനും സ്റ്റേഷനില്‍ കഴിയേണ്ടിയും വന്നു. കഴിഞ്ഞദിവസം മുട്ടപ്പള്ളിക്കടുത്താണ് സംഭവം. പുതിയ ബൈക്കിലാണ് മൂന്നുപേരും അര്‍ധരാത്രിയില്‍ എത്തിയത്. വീടിനു ചുറ്റും നടക്കുന്നതും മൊബൈല്‍ഫോണില്‍ സന്ദേശമയക്കുന്നതും കണ്ട നാട്ടുകാരിലൊരാള്‍ പരിസരവാസികളെ കൂട്ടിയെത്തുകയായിരുന്നു. ഇവരെ കണ്ട് ഭയന്ന മൂന്നുപേരും ബൈക്കുപേക്ഷിച്ച് ഓടി പൊന്തക്കാട്ടിലൊളിച്ചു.

തുടര്‍ന്ന് റോഡിലേക്കിറങ്ങിയപ്പോഴാണ് വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിനു മുന്നില്‍പ്പെട്ടത്. ബൈക്കിന്റെ പെട്രോള്‍ തീര്‍ന്ന് വഴിയില്‍ കുടുങ്ങിയതാണെന്നു പറഞ്ഞ ഇവരെ ജീപ്പില്‍ കയറ്റി ബൈക്കിനടുത്തെത്തിച്ച് പരിശോധിച്ചപ്പോള്‍ ഫുള്‍ടാങ്ക് ഇന്ധനം ബൈക്കിലുണ്ടായിരുന്നു. അര്‍ധരാത്രിയില്‍ സ്റ്റേഷനിലായ മൂന്നുപേരെയും പിറ്റേന്ന് വൈകുന്നേരം മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

Related posts