ചെന്നൈ: തമിഴ് നടന് അരുണ്‍ വിജയിയെ മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ നുഗംപക്കം പോലീസാണ് താരത്തെ പിടികൂടിയത്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.
പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. താരവും ഭാര്യയും കുട്ടികളും യാത്ര ചെയ്തിരുന്ന കാര്‍ പോലീസ് വാഹനത്തില്‍ ഇടിച്ചുകയറി. തുടര്‍ന്ന് പോലീസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് ആളെ വ്യക്തമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അരുണ്‍ മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. ഒരു പാര്‍ട്ടി കഴിഞ്ഞു വരുന്ന വഴിയാണ് അപകടം നടന്നത്. സുരക്ഷ ഉപകരണങ്ങള്‍ ഉള്ള വാഹനമായിരുന്നതിനാല്‍ താരത്തിനും കുടുംബത്തിനും പരിക്കേറ്റില്ല. കാര്‍ കസ്റ്റഡിയിലെടുത്ത പോലീസ് പോണ്ടി ബസാര്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രമുഖ നടന് വിജയകുമാറിന്റെ അന്തരിച്ച നടി മഞ്ജുളയുടെയും മകനാണ് വിജയ്. നടിമാരായ വനിത വിജയകുമാര്‍, പ്രീത വിജയകുമാര്‍, ശ്രീദേവി വിജയകുമാര്‍ എന്നിവര്‍ സഹോദരിമാരാണ്. ഗൗതം മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ “എന്നൈ അറിന്താല്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം അരുണിനെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു.