സിപിഎം സ്ഥാനാര്‍ഥിനിര്‍ണയം വൈകുന്നു; എടക്കര, നിലമ്പൂര്‍ ഏരിയാ കമ്മിറ്റികള്‍ തമ്മില്‍ പിടിവലി

ALP-CPIMനിലമ്പൂര്‍: എടക്കര, നിലമ്പൂര്‍ ഏരിയാകമ്മിറ്റികള്‍ തമ്മിലുള്ള തര്‍ക്കം നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിത്വം വൈകിപ്പിക്കുന്നു. മണ്ഡലത്തിലെ എടക്കര ഏരിയാ കമ്മിറ്റി തോമസ് മാത്യുവിന്റെ പേരാണ് സ്ഥാനാര്‍ഥിത്വത്തിനായി ഉയര്‍ത്തിക്കാണിക്കുന്നത്. അതേസമയം നിലമ്പൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഒരു വിഭാഗം പി.വി.അന്‍വറിനെ പിന്തുണക്കുന്നതായും പറയുന്നു.

നിലമ്പൂരില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടായിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച ചുങ്കത്തറ സ്വദേശി പ്രഫ.തോമസ് മാത്യു, എടവണ്ണ ഒതായി സ്വദേശി പി.വി.അന്‍വര്‍ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ഇതു രണ്ടും കൂടാതെ മുന്‍ മന്ത്രി ടി.കെ.ഹംസ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സൈനബ എന്നിവരുടെ പേരുകളും നിലമ്പൂരിലേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

1996 ലും 2011ലും മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ സ്വതന്ത്രനായി തോമസ് മാത്യു മത്സരിച്ച് പരാജയപ്പെട്ടിരുന്നു.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ ഉള്‍പ്പെടുന്ന വയനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി പി.വി.അന്‍വര്‍ മത്സരിച്ചിരുന്നു. ഇതു സിപിഎമ്മില്‍ ഒരു വിഭാഗത്തിനു പി.വി.അന്‍വറിനോട് അതൃപ്തിയുണ്ടാകാനിടയായതായും പറയുന്നു. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിലമ്പൂരില്‍ വ്യാപകമായി പോസ്റ്ററുകളിറങ്ങിയിരുന്നു.

സിപിഎം നേതൃത്വത്തോട് ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് നിലമ്പൂര്‍ ടൗണില്‍ പതിച്ച പോസ്റ്ററുകള്‍. പ്രഫ.തോമസ് മാത്യുവിനെ ഭയപ്പെടുന്നതാര്, പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പിന്നില്‍ ആര്യാടന്‍മാരോ എന്ന ചോദ്യമാണ് പോസ്റ്ററിലുള്ളത്. അടിയില്‍ കുഞ്ഞാലി പ്രതികരണ വേദി എന്നും നല്‍കിയിട്ടുണ്ട്.

Related posts