ചാലക്കുടി: അകാലത്തില്‍ വിടപറഞ്ഞ മലയാളത്തിന്റെ പ്രിയനടന്‍ കലാഭവന്‍ മണിയുടെ സ്മരണയില്‍ ജന്മനാട് ഒരിക്കല്‍ കൂടി വിതുമ്പി. മണിയുടെ വേര്‍പാടില്‍ അനുശോചിക്കാന്‍ കാര്‍മല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചിരസ്മരണയില്‍ മലയാളം-തമിഴ് സിനിമകളിലെ താരങ്ങള്‍ നാട്ടുകാരോടൊപ്പം പങ്കുകൊണ്ടു. കലാഭവന്‍ മണി ജീവന്‍ നല്‍കിയ കഥാപാത്രങ്ങളെ കാര്‍മല്‍ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ക്കു മുമ്പില്‍ വീഡിയോ പ്രദര്‍ശനം നടത്തിക്കൊണ്ടാണ് അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചത്.
മണി മലയാളത്തിന്റെയോ തമിഴിന്റെയോ നടനല്ല, ഭാരതത്തിന്റെ താരമാണെന്നു നടന്‍ മമ്മൂട്ടി അനുസ്മരിച്ചു. ഇത്രയും ചെറുപ്പത്തില്‍ ഇത്രയും വലിയ ജനസ്വാധീനം നേടിയ നടനില്ല. സിനിമ ഉള്ളിടത്തോളം കാലം മണി എന്ന നടനെ ജനം അത്ഭുതത്തോടെ ഓര്‍ക്കും. കഥാപാത്രവുമായി ഇഴുകിച്ചേര്‍ന്ന്, അതിനെ ആത്മാവില്‍ ആവാഹിച്ച് അഭിനയിക്കാന്‍ മണിക്കു കഴിഞ്ഞു. ഒരു പ്രതിഭ തന്നെയായിരുന്ന മണി താരപരിവേഷമില്ലാതെയാണു ജീവിച്ചത്. ചെറുപ്പകാലത്ത് അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒരിക്കലും മണി മറന്നില്ല. പാവപ്പെട്ടവരോടും സാധാരണക്കാരോടും നല്ല വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന മണിയുടെ മരണവാര്‍ത്ത കേരളത്തെ ഞെട്ടിച്ചു. ജയനുശേഷം സിനിമാപ്രേമികളെ ഇത്രയും ദുഃഖിപ്പിച്ച മരണം ഉണ്ടായിട്ടില്ല. തന്റെ ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹിയായി മണി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു മണി തന്നോടു പറഞ്ഞിട്ടുണ്ട്. മറുമലര്‍ച്ചി എന്ന തമിഴ് സിനിമയില്‍ മണിക്ക് അവസരം ഉണ്ടാക്കികൊടുത്തതു താനാണെന്നും അതിനുശേഷം കലാഭവന്‍ മണി തമിഴില്‍ നല്ല തിരക്കുള്ള നടനായി മാറിയെന്നും മമ്മൂട്ടി അനുസ്മരിച്ചു.
മലയാള സിനിമയ്ക്കു നഷ്ടമായതു സത്യസന്ധതയും നന്മയും ധൈര്യവുമുള്ള സ്‌നേഹിതനെയാണെന്നു നടന്‍ മോഹന്‍ലാല്‍ ഓര്‍മിച്ചു. കലാഭവന്‍ മണിയുടെ ആരാധകനാണു താനെന്നും എല്ലാ സിനിമയിലും മണിയുടെ മാജിക് തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും തമിഴ് സൂപ്പര്‍താരം വിക്രം അനുസ്മരിച്ചു. മണി അഭിനയിച്ച “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ കഥാപാത്രത്തെ താന്‍ മറ്റു സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഓര്‍ക്കാറുണ്ടെന്നും വിക്രം പറഞ്ഞു.
ഇന്നസെന്റ് എംപി, എംഎല്‍എമാരായ ബി.ഡി.ദേവസി, വി.എസ്. സുനില്‍കുമാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, സംവിധായകരായ കമല്‍, സിബി മലയില്‍, ലാല്‍ജോസ്, ലിജോ ജോസ് പെല്ലിശേരി, മേജര്‍ രവി, തമിഴ് സിനിമാ അസോസിയേഷനെ പ്രതിനിധീകരിച്ച് കരുണാസ്, ചലച്ചിത്ര താരങ്ങളായ ഹരിശ്രീ അശോകന്‍, ആസിഫ് അലി, നരേന്‍, അജയ്കുമാര്‍ പക്രു, കോട്ടയം നസീര്‍, ബിനീഷ് കോടിയേരി, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഐ.എം. വിജയന്‍, കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് താണിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കാര്‍മല്‍ സ്റ്റേഡിയത്തില്‍ മണിയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്‍ജനക്കൂട്ടമായിരുന്നു എത്തിയത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്തു.