കാക്കനാട്: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു ജില്ലാ ഭരണകൂടം നിര്‍മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ അടുത്തമാസം ഒന്‍പതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷയുടെ അമ്മ രാജേശ്വരിക്കു കൈമാറും. മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിലാണ് വീടു പണിതിട്ടുള്ളത്. ജില്ലാ നിര്‍മിതി കേന്ദ്രമാണു നിര്‍മിക്കുന്നത്. വീടിനു ഒന്‍പതു ലക്ഷത്തിന്റെ ചെലവാണു കണക്കാക്കിയിട്ടുള്ളത്. പക്ഷേ, ചുറ്റുമതില്‍ ഉള്‍പ്പെടെ എല്ലാ പണിയും തീരുമ്പോള്‍ 11 ലക്ഷമാകുമെന്നാണ് നിര്‍മിതികേന്ദ്രം പറയുന്നത്.
വീടിനു പഞ്ചായത്തില്‍നിന്നു നമ്പര്‍ കിട്ടി. വൈദ്യുതിയും വെള്ളവും ഇന്നു ലഭിക്കും. വീടിനു അനുയോജ്യമായ ഒരു പേരു കണ്ടെത്താന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുണ്ട്. ഫര്‍ണിച്ചറുകള്‍ പലരും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ജില്ലാ കളക്ടറുടെയും ജിഷയുടെ അമ്മയുടെയും പേരില്‍ പെരുമ്പാവൂര്‍ എസ്ബിഐയില്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇതുവരെ 38,43,000 രൂപ സംഭാവനയായി കിട്ടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ 15 ലക്ഷം ഉള്‍പ്പെടെ മറ്റു സംഭാവനകള്‍ വേറെയുമുണ്ട്.