അഞ്ചുരൂപയ്ക്കു ചായയും അഞ്ചുരൂപയ്ക്കു കടിയും; നാട്ടുകാരെ കൈയിലെടുത്ത് യുവസംഘം

pkd-kadiവടക്കഞ്ചേരി: ചായയ്ക്കും കടിക്കും വില കുതിച്ചുയരുമ്പോള്‍ അഞ്ചുരൂപയ്ക്ക് ചായയും അഞ്ചുരൂപയ്ക്ക് കടിയും വില്പന നടത്തി വടക്കഞ്ചേരി ടൗണില്‍ ശ്രദ്ധേയരാകുകയാണ് യുവസംഘം. ടൗണില്‍ കിഴക്കഞ്ചേരി റോഡിലാണ് വലിയ പരസ്യബോര്‍ഡുകളൊന്നുമില്ലാതെ സാധാരണക്കാരെ ലക്ഷ്യംവച്ചുള്ള കച്ചവടം നടക്കുന്നത്.

വിലക്കുറവാണെന്നു കരുതി ചായയ്‌ക്കോ കടിക്കോ ഗുണമേന്മ കുറവാണെന്ന സംശയംവേണ്ട. മുന്തിയ ഹോട്ടലുകളിലെ ചായയും കടിയും ഇവിടത്തെ വിഭവങ്ങള്‍ക്കു മുന്നില്‍ തോറ്റുപോകും. എല്ലാം ചൂടോടുകൂടി അപ്പപ്പോള്‍ ഉണ്ടാക്കിയാണ് നല്കുന്നത്. പതിനാറുപേര്‍ അടങ്ങുന്ന യുവാക്കളുടെ സംഘമാണ് ഇതിന്റെ നടത്തിപ്പ്. മറ്റു പലതൊഴിലുകളും ചെയ്യുന്നവരാണ് ഇവര്‍.

എല്ലാവരും ഒത്തുകൂടി ആലോചിച്ചാണ് ഈ സംരംഭത്തിലേക്ക് നീങ്ങിയത്. അടുക്കള മുതല്‍ കാഷ് കൗണ്ടറില്‍ വരെ ഇവര്‍ തന്നെയാണ്. മുമ്പ് ഹോട്ടുകളില്‍ പണിയെടുത്തവരും കൂട്ടത്തിലുണ്ട്. സെന്‍ട്രല്‍ കമ്മിറ്റി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. രാവിലെ ഏഴിനു തുടങ്ങി രാത്രി എട്ടുവരെ കട പ്രവര്‍ത്തിക്കും. യാത്രക്കാരാണ് കൂടുതലായും കടയിലെത്തുന്നത്. പാര്‍സലിനും നല്ല ഓര്‍ഡറുണ്ടെന്ന് യുവാക്കള്‍ പറഞ്ഞു.

ഈ വിലയ്ക്ക് ചായയും കടിയും വിറ്റാലും ലാഭമുണ്ടാക്കാമെന്നാണ് യുവാക്കളുടെ അഭിപ്രായം. പഴയ കെട്ടിടം പൊളിച്ച ഗ്രൗണ്ടില്‍ വാടകയ്ക്ക് സ്ഥലം എടുത്താണ് കച്ചവടം തുടങ്ങിയിട്ടുള്ളത്. വാഹനത്തില്‍ മൊബൈല്‍ ഹോട്ടലാണ് യുവാക്കളുടെ അടുത്തപദ്ധതി. കുറഞ്ഞ വിലയില്‍ കൂടുതല്‍ കച്ചവടം അതാണ് ഈ നീതി ഹോട്ടലിന്റെ കച്ചവടതന്ത്രം.

Related posts