അഞ്ചല്‍: മലയാളിക്ക് സുപരിചിതമായിരുന്ന അമ്മികൊത്താനുണ്ടോ എന്ന നാടോടികളുടെ ശബ്ദം ഓര്‍മകളിലേക്ക് മാഞ്ഞുപോയെങ്കിലും നാട്ടിന്‍പുറങ്ങളില്‍ മിക്കയിടങ്ങളിലും അമ്മിക്കല്ലുകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു. മിക്സിയും, ഗ്രൈന്‍ഡറും കുക്കറുമൊക്കെ വിപണിയില്‍ സജീവമായതോടെ അമ്മിക്കല്ലുകളുടെ വില്പനയും അസ്തമിച്ചു. അഞ്ചല്‍ സൊസൈറ്റി ജംഗ്ഷനില്‍ അമ്മിക്കല്ലുകള്‍ കൊത്തിയുണ്ടാക്കികൊടുത്തിരുന്ന ഒരു വലിയ സ്ഥാപനമുണ്ടായിരുന്നു. ഒരു കാലത്ത് നിരവധിപേരുടെ ഉപജീവനമാര്‍ഗമായിരുന്നു അമ്മിക്കല്ലുകളുടെ നിര്‍മാണം.പഴയകാലത്ത് മലയാളികളുടെ ഭക്ഷണ വിഭവങ്ങള്‍ക്ക് എരിവും, പുളിവുമേകിയ അടുക്കള ഉപകരണങ്ങളില്‍ മുന്‍പന്തിയിലായിരുന്ന ആട്ടുകല്ലും അരകല്ലുമാണ് ഇന്ന് വിവിധ സ്ഥലങ്ങളില്‍ വലിച്ചെറിയപ്പെട്ടിരിക്കുന്നത്.
വീടിന്റെ അടുക്കളകളില്‍ നിറസാന്നിധ്യമായിരുന്ന ഇവയെല്ലാം പുതുതലമുറ പടിക്ക് പുറത്താക്കി. ഇവയില്‍ മിക്കതിന്റേയും സ്ഥാനം ഇന്ന് പാഴ്വസ്തുക്കളുടെ കൂട്ടത്തിലാണ്. അമ്മിക്കല്ലുകള്ക്ക് പുറമെ ഉരലിന്റേയും ഉലക്കയുടേയും അവസ്ഥയും മറിച്ചല്ല.മസാല ചേരുവകള്‍ അമ്മിയില്‍ അരയുമ്പോഴും ഉരലുകളില്‍ ഇടിയുമ്പോഴുമുള്ള ചൂരും ഗന്ധവും സാധാരണകുടുംബങ്ങളിലെ അടുക്കളപ്പുറങ്ങള്ക്ക് അന്യമായിട്ട് ഒന്നരപതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇവയ്ക്കുപകരം മിക്സിയും ഗ്രൈന്‍ഡറും കുക്കറുമൊക്കെ ചേര്‍ന്നൊരുക്കുന്ന ഇടവേളകളില്ലാത്ത ശബ്ദമാണിപ്പോള്‍ മലയാളികളുടെ അടുക്കളകളില്‍ വാഴുന്നത്.
അമ്മിക്കല്ലുകള്‍ അരങ്ങുവിട്ടതോടെ തനത് പാചക ശൈലിയും രുചിയും മാറിയെന്നാണ് പഴമക്കാരുടെ ഭാഷ്യം. മിക്സിയും ഗ്രൈന്‍ഡറും കുക്കറുമൊക്കെ ചേര്‍ന്നൊരുക്കുന്ന വിഭവങ്ങളാല്‍ പല വീടുകളിലും തീന്മേശകള്ക്ക് ചുറ്റും ദമ്പതിമാര്‍ക്കിടയില്‍ രസപ്പിണക്കങ്ങളും അരങ്ങേറുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈടും ഉറപ്പുമുള്ള മരത്തടികളാല്‍ നിര്‍മിച്ച ഉരലും ഉലക്കയുമായിരുന്നു പഴയകാലത്ത് പ്രചാരം നേടിയിരുന്നത്. കനമുള്ള പാറക്കല്ലുകളില്‍ രൂപഭംഗിയില്‍ കൊത്തിയുണ്ടാക്കിയ കല്ലുരലുകളും ഇവയോടൊപ്പം ഒരുകാലത്ത് അടുക്കളയിലെ താരങ്ങളായിരുന്നു. അമ്മികൊത്താനുണ്ടോ എന്ന നാടോടികളുടെ ശബ്ദം ഇന്ന് ഉത്സവ ചന്തകളിലും മറ്റും അപൂര്‍വമായെത്തുന്ന കൗതുക കാഴ്ചയായി മാത്രമൊതുങ്ങി.
അപൂര്‍വം ചില വീടുകളില്‍ മാത്രം അവശേഷിക്കുന്ന ഇത്തരം വീട്ടുപകരണങ്ങള്‍ക്ക് ശ്രദ്ധേയമായ മാറ്റമാണുണ്ടായിട്ടുള്ളത്. വീടുകളിലേക്ക് പ്രവേശിക്കാനുള്ള ചവിട്ടുപടിയായാണ് പലരും കല്ലുരലുകള് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഉരലില്‍ നിന്നും വേര്‍പെടുത്തിയ ഉലക്കകള്‍ മിക്കപ്പോഴും ഊഞ്ഞാല് പടികളായി മാറുന്നു. അമ്മിക്കല്ലുകള്‍ അലക്കുകല്ലായും കല്ച്ചട്ടികള് രൂപാന്തരം പ്രാപിച്ച് ചെടിച്ചട്ടികളായി മാറിയതും ഇവയുടെ കാലഘട്ടം അസ്തമിച്ചെന്ന സൂചനകളാണ് നല്‍കുന്നത്.