അധികൃതരുടെ വാക്കുകള്‍ക്ക് പുല്ലുവില; ദേശീയപാതയില്‍ മാലിന്യം തള്ളുന്നതിന് അറുതിയില്ല

EKM-WASTEകൊല്ലം: ദേശീയപാതയില്‍ കൊല്ലം മുതല്‍ ഓച്ചിറവരെയുള്ള റോഡുകളുടെ ഇരുവശങ്ങളിലും മാലിന്യം തള്ളുന്നതിന് അറുതിയില്ല. ദേശീയപാതയുടെ വശങ്ങളിലെ കുറ്റികാടുകളിലേക്കാണ് മാലിന്യ കവറുകളും ചാക്കുകളും വലിച്ചെറിയുന്നത്. വ്യാപാരസ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ പോലും മാലിന്യം വലിച്ചെറിയുന്നു. മിക്ക പഞ്ചായത്തുകളും മാലിന്യം തള്ളുന്നതിനെതിരെ രംഗത്തുവന്നെങ്കിലും കര്‍ശന നടപടിയില്ലാത്തതിനാല്‍ മാലിന്യം തള്ളുന്നത് തുടരുകയാണ്.

ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് ദേശീയപാതയുടെ മിക്ക ഭാഗങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട സെക്രട്ടറിമാരുടെ അറിയിപ്പുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന് പുല്ലുവിലയാണ് കല്‍പ്പിച്ചിട്ടുള്ളത് .ഈ ബോര്‍ഡുകളുടെ സമീപത്തുപോലും മാലിന്യനിക്ഷേപമാണ്. കാമറയുടെ നിരീക്ഷണത്തിലാണെന്നുപറയുന്നിടത്തുപോലും സ്ഥിതി വ്യത്യസ്തമല്ല. ചവറ, നീണ്ടകര പാലങ്ങളുടെ ഇറക്കത്തും കയറ്റത്തും ഇറുവശങ്ങളിലും മാലിന്യം വന്‍തോതിലാണ് തള്ളിയിട്ടുള്ളത്.

ദേശീയപാതയിലൂടെയുള്ള യാത്ര ദുര്‍ഗന്ധം സഹിച്ചുവേണമെന്നത് ഏറെനാളുകളായുള്ള അവസ്ഥയാണ്. കോഴിക്കടകളിലെ മാലിന്യങ്ങളാണ് കൂടുതലായുള്ളത്. വീടുകളില്‍നിന്നുള്ള മാലിന്യങ്ങളും തള്ളുന്നുണ്ട്. ചാക്കുകെട്ടുകളിലാക്കിയ മാലിന്യം കായലില്‍ തള്ളുന്നതും പതിവായിട്ടുണ്ട്. പോലീസ് പട്രോളിംഗ് ശക്തമാക്കിയാല്‍ ദേശീയപാതയില്‍ മാലിന്യം തള്ളുന്നത് കുറെയൊക്കെ നിയന്ത്രിക്കാനാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.

Related posts