കൊച്ചി: പുത്തന്‍കുരിശില്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയ എസ്‌ഐയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവം വഴിത്തിരിവിലേക്ക്. എസ്‌ഐ ജെ.എസ്. സജീവ് കുമാറിനെതിരെ നടന്നത് ആസൂത്രിതമാണെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയും ഉള്ള സമയത്ത് അനാശാസ്യത്തിന് വന്നതാണെന്നുള്ള ആരോപണം ശരിയല്ലെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പെണ്‍കുട്ടി സീരിയല്‍ നടി അല്ലെന്ന് പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ഉയരുന്നത് വ്യാജപ്രചരണങ്ങള്‍ ആണെന്നും എസ്‌ഐയോട് ചിലര്‍ക്കുള്ള വിദ്വേഷം തീര്‍ക്കാന്‍ തങ്ങളെ കരുവാക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.
അച്ഛന്റെ ക്ഷണം സ്വീകരിച്ച് ഭക്ഷണം കഴിക്കാനാണ് എസ്‌ഐ വന്നതെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വീട്ടില്‍ നിന്ന മാറി നടന്ന സംഭവത്തില്‍ ബഹളം കേട്ട് ഓടിയെത്തിയ അമ്മയെ ഉള്‍പ്പടെ അവിടെ കൂടിയവര്‍ മര്‍ദിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തങ്ങള്‍ക്കെതിരെ വ്യാജ പ്രചരണമാണ് നടക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടു എന്നാരോപിച്ച് പുത്തന്‍കുരിശ് എസ്‌ഐ ജെ.എസ്.സജീവ് കുമാറിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് മര്‍ദിച്ചത്. ഈ സംഭവത്തില്‍ എസ്‌ഐ സസ്‌പെന്‍ഷനിലാകുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ എസ്‌ഐ നിയമനടപടിക്കൊരുങ്ങുകയാണ്. കഞ്ചാവ് കേസില്‍ താന്‍ അറസ്റ്റ് ചെയ്തവരും മറ്റു ചിലരും ചേര്‍ന്നുള്ള ഗൂഢാലോചനയാണു സംഭവത്തിനു പിന്നിലെന്ന് എസ്‌ഐ സജികുമാര്‍ ആരോപിച്ചു. മര്‍ദിച്ചവര്‍ക്കെതിരേ കേസ് കൊടുത്തിട്ടുണ്ടെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സജീവ് പറയുന്നു.
സംഭവത്തെക്കുറിച്ച് എസ്‌ഐ പറയുന്നതിങ്ങനെ: താന്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പോയെന്ന ആരോപണം തെറ്റാണ്. അവര്‍ക്കു സിനിമയുമായോ സീരിയലുമായോ യാതൊരു ബന്ധവുമില്ല. അന്നു വൈകുന്നേരം 7.45ഓടെയാണ് ആ വീട്ടിലെത്തിയത്. വീട്ടുടമസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു പെണ്‍കുട്ടികളും വീട്ടിലുണ്ടായിരുന്നു. അവരാരും സിനിമയിലോ സീരിയലിലോ അഭിനയിക്കുന്നവരല്ല. ഗൃഹനാഥന്റെ മകളും ഭര്‍ത്താവും വേര്‍പിരിഞ്ഞാണു താമസിക്കുന്നത്. ഭര്‍ത്താവിന്റെ പക്കലുള്ള സ്വര്‍ണം തിരികെ ലഭിക്കുന്നതിനു മധ്യസ്ഥത വഹിക്കണമെന്നു ഗൃഹനാഥന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതുപ്രകാരം താന്‍ അവരുടെ മകളുടെ ഭര്‍ത്താവുമായി സംസാരിക്കുകയും ചെയ്തിരുന്നു. കേസ് തീര്‍ക്കാന്‍ താന്‍ മധ്യസ്ഥത വഹിച്ചതിന്റെ സന്തോഷത്തില്‍ ഗൃഹനാഥന്‍ വിളിച്ച പ്രകാരമാണ് അവരുടെ വീട്ടില്‍ പോയത്. അവിടെ പോകുന്ന വിവരം തന്റെ ഭാര്യയോടും പറഞ്ഞിരുന്നു. അവരുടെ വീട്ടില്‍നിന്നു മടങ്ങുന്നതിനിടെ സമീപത്തെ ജംഗ്ഷനില്‍ വച്ചാണ് ഏതാനും പേര്‍ ചേര്‍ന്നു തന്നെ തടയുന്നത്.
കഞ്ചാവ് കേസില്‍നിന്ന് ഒഴിവാക്കാന്‍ കാലുപിടിച്ചതല്ലേ താന്‍ കേട്ടോ എന്നു പറഞ്ഞ് അവര്‍ തന്റെ കരണത്തടിച്ചു. പിന്നീട് മര്‍ദിക്കുകയായിരുന്നു. ബഹളം കേട്ടു താന്‍ പോയ വീട്ടുകാര്‍ സ്ഥലത്തെത്തി നാട്ടുകാരോടു കാര്യം പറഞ്ഞെങ്കിലും അവരെയും മര്‍ദിക്കുകയായിരുന്നു. മുമ്പ് താന്‍ അറസ്റ്റ് ചെയ്ത ചില കഞ്ചാവ് കേസ് പ്രതികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കൂടുതല്‍ പേരെ അവര്‍ വിളിച്ചുവരുത്തുകയും ചെയ്തു. പലരും മദ്യലഹരിയിലായിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍നിന്ന് ഇക്കാര്യം മനസിലാകുമെന്നും സജീവ് മാധ്യമങ്ങളോടു പറഞ്ഞു.