കോട്ടയം: മറ്റൊരു വിജയദശമി കൂടി കടന്നുവരുമ്പോള്‍ അനുഷ്ഠാനങ്ങളുടെ അപൂര്‍വത കൊണ്ട് ശ്രദ്ധേയമാവുകയാണ് പാലാ രാമപുരം ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം. ശിവപാര്‍വതിമാരുടെ മടിത്തട്ടില്‍ പരിലസിക്കുന്ന സരസ്വതി ദേവിയുടെ സങ്കല്പത്തില്‍ ഇവിടെ നടത്തുന്ന തൂലികാ പൂജയും പാരമ്പര്യ രീതിയിലുള്ള മണലില്‍ എഴുത്തും മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രത്യേകതയാണ്. പതിറ്റാണ്ടുകളായി തുടരുന്ന ആചാര പെരുമയുടെ ഭാഗമാകാന്‍ നിരവധി ഭക്തരാണിവിടെ നവരാത്രി പൂജയ്ക്കായി എത്തുന്നത്.
ഒരേ ശ്രീകോവിലില്‍ ഒരേ പീഠത്തില്‍ വാഴുന്ന ഉമാമഹേശ്വരന്മാരില്‍ പാര്‍വതി ദേവിക്ക് പ്രാധാന്യക്കൂടുതല്‍ കല്പിക്കപ്പെടുന്ന കാവിന്‍പുറം ക്ഷേത്രത്തില്‍ പ്രത്യേകം സരസ്വതി മണ്ഡപം തീര്‍ത്താണ് നവരാത്രി പൂജ നടത്തുന്നത്. ശിവപാര്‍വതിമാര്‍ക്ക് അഭിമുഖമായി പ്രതിഷ്ഠിക്കുന്ന വാഗ് ദേവതയ്ക്കു മുന്നിലാണ് ഗ്രന്ഥപൂജയും തൂലികാ പൂജയും നടക്കുന്നത്. നവരാത്രി പൂജയില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിശേഷാല്‍ പൂജ നടത്തിയ പേനകള്‍ വിതരണം ചെയ്യുന്നതാണ് തൂലികാ പൂജ സമര്‍പണം എന്നറിയപ്പെടുന്നത്. പതിറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടന്നുവരുന്ന അപൂര്‍വമായ അനുഷ്ഠാനമാണിത്. വിജയദശമി നാളില്‍ രാവിലെ വിദ്യാരംഭത്തിന് ശേഷമാണ് പൂജിച്ച തൂലികകളുടെ വിതരണം നടക്കുന്നത്.
പാരമ്പര്യ രീതിയില്‍ മണലില്‍ ഹരിശ്രീ കുറിക്കുന്നത് കാവിന്‍പുറം ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണ്. പ്രായഭേദമെന്യെ വിദ്യാര്‍ഥികള്‍ മുതല്‍ ഉദ്യോഗസ്ഥരും, തൊഴിലാളികളും, ജനപ്രതിനിധികളും, വയോധികരുമെല്ലാം ഇവിടെ നിലവിളക്കുകള്‍ക്കു മുന്നില്‍ വിരിച്ച മണലില്‍ ഹരിശ്രീ കുറിക്കും. ജീവിതാന്ത്യം വരെ അറിവു തേടല്‍ തുടരുന്നു എന്ന സങ്കല്പത്തിലാണ് ഓരോ വര്‍ഷവും ഇവിടെ മണലില്‍ എഴുത്ത് നടത്തുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഇവിടെ മണലില്‍ എഴുതാന്‍ നിരവധി ആളുകള്‍ വിജയദശമി നാളില്‍ എത്തിച്ചേരുന്നു. മുതിര്‍ന്നവര്‍ക്കൊപ്പം ആദ്യാക്ഷരത്തിന്റെ അറിവ് നുകരാന്‍ നിരവധി കുരുന്നുകളും വിജയദശമി നാളില്‍ കാവിന്‍പുറത്തെത്തുന്നു. എത്തിച്ചേരുന്നവര്‍ക്കെല്ലാം സരസ്വതി പ്രസാദമായി നേദിച്ച അവല്‍ വിതരണം ചെയ്യും.
സരസ്വതി മണ്ഡപത്തില്‍ ഒമ്പതുനാള്‍ വിശേഷാല്‍ പൂജ നടത്തിയതിന് ശേഷമാണ് തൂലികകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തുമ്പയില്‍ രാമകൃഷ്ണന്‍ നായരാണ് തൂലികാ പൂജയ്ക്ക് ആവശ്യമായ പേനകള്‍ വഴിപാടായി സമര്‍പ്പിച്ചുവരുന്നത്. ഇത്തവണത്തെ തൂലികാ സമര്‍പ്പണം കഴിഞ്ഞ ദിവസം നടന്നു. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി, കാവിന്‍പുറം ദേവസ്വം മാനേജര്‍ ടി.എന്‍ സുകുമാരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് തൂലികകള്‍ ഏറ്റുവാങ്ങി. ഗ്രന്ഥപൂജയും തൂലികാപൂജയും നാളെ രാവിലെ എട്ടിനു ആരംഭിക്കും. നവഗ്രഹ ക്ഷേത്രത്തില്‍ നവഗ്രഹ പൂജയുമുണ്ട്. വിജയദശമി നാളില്‍ രാവിലെ 7.30 മുതല്‍ വിദ്യാരംഭം. ഫോണ്‍ :9745260444.