അന്തിക്കാട് സെന്ററില്‍ മധ്യവയസ്കന്‍ മരിച്ച നിലയില്‍: കൊലപാതകമെന്ന് സംശയം

tcr-CRIMEഅന്തിക്കാട്: ആല്‍ സെന്ററിലെ സൊസൈറ്റി വരാന്തയില്‍ മധ്യവയസ്കന്‍ മരിച്ച നിലയില്‍. കൊലപാതകമെന്ന് സംശയം. സഹോദരനെ കാണാനില്ല. അന്തിക്കാട് കൂട്ടാല കുട്ടപ്പന്‍ മകന്‍ സുരേഷ് (47) ആണ് മരിച്ചത്. ഇന്നുരാവിലെ ആല്‍ സെന്ററിലെ അന്തിക്കാട് വനിതാ സഹകരണ സംഘത്തിന്റെ പഴയ ഓടിട്ട വരാന്തയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ മുഖത്തും, കൈമുട്ടിലും ശരീരത്തിന്റെ പിന്‍വശത്തും മുറിവുകളുണ്ട്. ഇതാണ് കൊലപാതകമെന്ന് സംശയിക്കാന്‍ കാരണം. സഹോദരന്‍ സുനിലിനെ രാവിലെ മുതല്‍ കാണാനില്ല. ഇയാളെകുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. പുള്ള് അന്തിക്കാട് പാടശേഖരങ്ങളില്‍ പോലീസ് തെരയുന്നുണ്ട്.

മരിച്ച സുരേഷിനും സുനിലിനും സ്വന്തമായി വീടില്ലെന്ന് പറയുന്നു. ഇരുവരും കൂലിപണിക്കാരാണ്. അനിയന്‍ഭാവ ചേട്ടന്‍ഭാവ എന്നപേരിലാണ് ഇരുവരും നാട്ടിലറിയപ്പെടുന്നത്. സുരേഷും സുനിലും തമ്മില്‍ ഇടക്കിടെ വഴക്കിടാറുണ്ടെന്നും ഇന്നലെ വഴക്കിട്ടതായും നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ്.ടി. സുരേഷ്കുമാര്‍, സി ഐ എന്‍.കെ. സുരേന്ദ്രന്‍, അന്തിക്കാട് എസ് ഐ പി.ശ്രീജിത്ത്, അഡീഷ്ണല്‍ എസ് ഐ വിന്‍സെന്റ് ഇഗ്നേഷ്യസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. വിരലടയാള വിദഗ്ധരും, തൃശൂര്‍ ഡോഗ് സ്ക്വാഡിലെ സ്‌റ്റെല്ല എന്ന നായയും പരിശോധനക്ക് എത്തിയിരുന്നു.

Related posts