അപകടാവസ്ഥയിലായ മരം വെട്ടിമാറ്റണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് നടപ്പാക്കിയില്ല

ALP-POSTആലപ്പുഴ: കനാല്‍ക്കരയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മരം വെട്ടിമാറ്റണമെന്ന ആര്‍ഡിഒയുടെ ഉത്തരവ് പൊതുമരാമത്ത് വിഭാഗം നടപ്പാക്കുന്നില്ല. വാടക്കനാല്‍ ഓരത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍ വശത്തായി സ്ഥിതി ചെയ്യുന്ന മരമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. മരത്തിന്റെ ശിഖരം സമീപത്തുകൂടി കടന്നുപോകുന്ന 11 കെവി ലൈനിലും പോസ്റ്റിലുമായാണ് നില്ക്കുന്നത്.

അപകടാവസ്ഥ ചൂണ്ടിക്കാട്ടി ജില്ലാ കോടതി വാര്‍ഡ് വാധ്യാരുപറമ്പില്‍ കല്‍പ്പന കുമാരി ആലപ്പുഴ ആര്‍ഡിഒയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരം വെട്ടിനീക്കണമെന്ന് പിഡബ്ല്യുഡി നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് 2015 ഓഗസ്റ്റ് എട്ടിന് ആര്‍ഡിഒ ഉത്തരവ് നല്കിയിരുന്നു. 21-നകം വെട്ടിനീക്കണമെന്നായിരുന്നു ഉത്തരവെങ്കിലും ഏഴുമാസം പിന്നിടുമ്പോഴും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മരം റോഡിലേക്ക് വീണാലും കനാലിലേക്ക് വീണാലും വലിയ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്.
പുന്നമടയിലേക്ക് വിനോദസഞ്ചാരികളുമായി പോകുന്നതും വരുന്നതുമായ നൂറുകണക്കിന് വാഹനങ്ങളും ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ബോട്ട് ജെട്ടിയിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്ന് യാത്രക്കാരുമായെത്തുന്ന ബോട്ടുകളും, സ്വകാര്യ മോട്ടോര്‍ ബോട്ടുകളും സഞ്ചരിക്കുന്നത് അപകടാവസ്ഥയിലായ മരത്തിന് സമീപത്തുകൂടിയാണ്. മോട്ടോര്‍ ബോട്ടുകളും ശിക്കാര വള്ളങ്ങളും അപകടാവസ്ഥയിലായ ഈ മരത്തിന് സമീപത്തായി കെട്ടിയിട്ടുമുണ്ട്.

മരം മറിഞ്ഞാല്‍ ഇത് താങ്ങിനില്ക്കുന്ന വൈദ്യുതി പോസ്റ്റ് ഒടിയുന്നതരത്തിലാണ് നില്പ്. മാസങ്ങള്‍ക്ക് മുമ്പ് സമീപത്തുതന്നെ കനാലോരത്തെ അപകടാവസ്ഥയിലായിരുന്ന മറ്റൊരു മരം റോഡിലേക്ക് മറിഞ്ഞിരുന്നു. ഭാഗ്യം കൊണ്ടാണ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് മരം വീഴാതിരുന്നത്. സമീപത്തെ കെട്ടിടത്തിനടക്കം നാശം വരുത്തിയ മരം പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് വെട്ടിമാറ്റിയത്. അപകടമുണ്ടായതിനുശേഷം നടപടികള്‍ സ്വീകരിക്കുന്നതിനു പകരം അപകടമൊഴിവാക്കാനുള്ള നടപടികളല്ലേ ഈ മരത്തിന്റെ കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്നാണ് നാട്ടുകാരുടെ ചോദ്യം.

Related posts