ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡന നിയമ പ്രകാരം മരുമകള്‍ക്കെതിരേ അമ്മായിയമ്മയ്ക്കു പരാതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതേസമയം, മകനും സഹോദരനുമെതിരേ അമ്മയ്ക്കും സഹോദരിക്കും പരാതി നല്‍കാമെന്നും കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഭര്‍ത്താവിന്റെ അമ്മ നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡന നിയമ പ്രകാരം കേസെടുത്തതു ചോദ്യം ചെയ്ത് മുംബൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഗാര്‍ഹിക പീഡന നിയമ പ്രകാരം അമ്മയുടെ പരാതിയില്‍ മരുമകള്‍ക്കെതിരേ കേസെടുക്കാന്‍ മുംബൈ ഹൈക്കോടതി കഴിഞ്ഞവര്‍ഷം ഉത്തരവിട്ടിരുന്നു. ഇതിനെതിരേയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. മകന്റെ ഭാര്യയ്‌ക്കെതിരേ അമ്മയ്ക്കു നിയമം പ്രയോഗിക്കാനാവില്ല.
കുടുംബ ബന്ധങ്ങളില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണവും സുരക്ഷയുമാണ് ഗാര്‍ഹിക പീഡന നിയമത്തിന്റെ ലക്ഷ്യം. ഒരു സ്ത്രീയുടെ അവകാശം ലംഘിച്ചുകൊണ്ടല്ല മറ്റൊരു സ്ത്രീയുടെ അവകാശം നിലനിറുത്തേണ്ടതെന്നും സര്‍ക്കാര്‍ പറഞ്ഞു. ഒരു സ്ത്രീക്കു മകനെതിരേയും സഹോദരനെതിരേയും നിയമം പ്രയോഗിക്കാം. എന്നാല്‍, മകന്റെ ഭാര്യയ്ക്ക് സഹോദരന്റെ ഭാര്യയ്‌ക്കെതിരേ നിയമം പ്രയോഗിച്ചു കേസെടുക്കാനാവില്ല.