അറ്റകുറ്റപ്പണികളില്ലാതെ കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നശിക്കുന്നു

pkd-quartersകാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ജലസേചനപദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ നശിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്് ജലസേചനപദ്ധതി നിര്‍മാണകാലത്ത് പുളിക്കന്‍ സ്കൂളിനു സമീപമാണ് ഇരുന്നൂറോളം ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മിച്ചത്.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുതല്‍ പ്യൂണ്‍ വരെയുള്ളവര്‍ക്ക്് താമസിക്കാന്‍ നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏറെ ഗുണകരമായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ അറ്റകുറ്റപ്പണികളൊന്നും ചെയ്യാതെ ഇവയെല്ലാം നാശത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു.

കാലപ്പഴക്കംമൂലം മിക്ക കെട്ടിടങ്ങളും ഇതിനകം നിലംപൊത്തി.  സാമൂഹ്യവിരുദ്ധര്‍ ക്വാര്‍ട്ടേഴ്‌സുകളുടെ ഓടും കട്ടിളയും കഴുക്കോലും മോഷ്ടിച്ചു. ശേഷിക്കുന്നവ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്‌സുകളില്‍ മദ്യപാനവും തകൃതിയാണ്. ശേഷിക്കുന്ന 25-ഓളം ക്വാര്‍ട്ടേഴ്‌സുകളും തകര്‍ച്ചാഭീഷണിയിലാണ്. ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സുകള്‍ എത്രയുംവേഗം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ചിരുന്ന മിക്ക ഉദ്യോഗസ്ഥരും സമീപത്തെ സ്വകാര്യ ലോഡ്ജുകളിലാണ് ഇപ്പോള്‍ താമസം.

Related posts