അശ്വിന്റെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് പൊന്നിന്‍ തിളക്കം

ktm-kalanjukittyകടുത്തുരുത്തി: വിദ്യാര്‍ഥിയുടെ സത്യസന്ധത; ദമ്പതികള്‍ക്ക് തിരികെ കിട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍. ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍ കൃഷ്ണയാണ് റോഡില്‍ കിടന്നു കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് ഉടമയ്ക്ക് മടക്കി നല്‍കി സ്കൂളിന്റെ അഭിമാനമുയര്‍ത്തിയത്. സൗദി അറേബ്യയില്‍ ജോലി നോക്കുന്ന വഴിത്തല പൈമ്പാലില്‍ പോള്‍സണ്‍ തോമസും ഭാര്യ ബിജിമോളും ഇതേ സ്കൂളിലെ ഹോസ്റ്റലിലുള്ള മകളെ കാണാനെത്തിയപ്പോഴാണ് കൈയില്‍ ബാഗില്‍ കരുതിയിരുന്ന സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പഴ്‌സ് നഷ്ടപെട്ടത്.

ബാങ്ക് ലോക്കറില്‍ വയ്ക്കുന്നതിനാണ് സ്വര്‍ണം വീട്ടില്‍ നിന്ന് എടുത്ത് കൈയില്‍ കരുതിയത്. സ്കൂളിന് മുമ്പില്‍ കാറില്‍ നിന്നിറങ്ങുമ്പോളാണ് കൈയില്‍ നിന്നു സ്വര്‍ണം അടങ്ങിയ ബാഗ് നഷ്ടപ്പെടുന്നത്. ഇവരുടെ കാറില്‍ നിന്നും ബാഗ് റോഡില്‍ വീഴൂന്നത് ഈ സമയം ഇതുവഴി കടന്നുവന്ന അശ്വിന്റെ ശ്രദ്ധയില്‍പെട്ടു.  ബാഗ് തുറന്നു നോക്കിയപ്പോളാണ് സ്വര്‍ണമാണെന്ന് മനസിലാകുന്നത്. തുടര്‍ന്ന് അശ്വിന്‍ ബാഗ് പ്രിന്‍സിപ്പലിനെ ഏല്‍പ്പിക്കുകയായിരുന്നു. മകളെ കണ്ട് മടങ്ങുമ്പോളാണ് ദമ്പതികള്‍ ബാഗ് നഷ്ടപ്പെട്ട വിവരമറിയുന്നത്.

തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഫാ.ജോണ്‍ എര്‍ണ്യാകുളത്തിന്റെ അടുത്ത് വിവരം പറയാനെത്തിയപ്പോളാണ് ബാഗ് അശ്വിന് ലഭിച്ച വിവരം അറിയുന്നത്. തുടര്‍ന്ന് സ്കൂളില്‍ നടന്ന യോഗത്തില്‍ വച്ചു മന്ത്രി അനൂപ് ജേക്കബ് അശ്വിനെ അഭിനന്ദിച്ചു. ദമ്പതികള്‍ സമ്മാനമായി നല്‍കിയ വാച്ച് അശ്വിന് മന്ത്രി സമ്മാനിച്ചു.  പിറവത്ത് വര്‍ക്ക് ഷോപ്പ് നടത്തുന്ന പാഴൂര്‍ വെട്ടിക്കളത്തില്‍ സുഭാഷിന്റെ മകനാണ് അശ്വിന്‍. സത്യസന്ധതയൂടെ ഉത്തമ മാതൃക കാണിച്ച വിദ്യാര്‍ഥിയെ പ്രിന്‍സിപ്പാളും അധ്യാപകരും സഹപാഠികളും അഭിനന്ദിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയിസ് മാമ്പള്ളില്‍ അധ്യക്ഷത വഹിച്ചു.

Related posts