ഗാന്ധിനഗര്‍: വിവിധ സ്ഥലങ്ങളില്‍ നിന്നും രോഗികളുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തുന്ന ആംബുലന്‍സുകള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാകുന്നു. ആംബുലന്‍സ് ഓടിക്കുന്ന ഡ്രൈവര്‍മാരില്‍ ചിലര്‍ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. ഭൂരിഭാഗം ഡ്രൈവര്‍മാരും മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്നു മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ പറയുന്നു.
കഴിഞ്ഞ മാസം 27നു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെയില്‍ നഴ്‌സ് പുതുപ്പള്ളി നടവത്ത് ജീന്‍ കുര്യന്‍(29) മരണപ്പെട്ടത് ആംബുലന്‍സ് ഇടിച്ചായിരുന്നു. വണ്ടന്‍മേട്ടില്‍ നിന്നും രോഗിയുമായി എത്തിയ ആംബുലന്‍സ് ജീന്‍ കുര്യന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് കോമ്പൗണ്ടില്‍ രോഗിയുമായി വന്ന ആംബുലന്‍സ് ആശുപത്രി മതിലില്‍ ഇടിച്ചു അപകടത്തില്‍പ്പെട്ടിരുന്നു.
ഒരാഴ്ചമുമ്പ് പാലാ ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്നും രോഗിയുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ ആംബുലന്‍സ് ഡ്രൈവറെ അമിതമായി മദ്യപിച്ചിരുന്നതിനാല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രി കോമ്പൗണ്ടിലൂടെ അമിതവേഗത്തിലും ഹോണും മുഴക്കിയാണ് ആംബുലന്‍സുകള്‍ പായുന്നത്. ആശുപത്രി കോമ്പൗണ്ടിലെങ്കിലും ആംബുലന്‍സിന്റെ അമിത വേഗത കുറച്ചാല്‍ മറ്റൊരു അപകടം കൂടി ഒഴിവാക്കാമെന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ പറയുന്നു.