ന്യൂഡല്‍ഹി: ഭീകരാക്രമണം നടത്താന്‍ പരിശീലനം നേടിയ 12 ഭീകരര്‍ പഞ്ചാബില്‍ പ്രവേശിച്ചതായി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി. പഞ്ചാബ് കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയായ ബാബര്‍ ഖല്‍സയിലെ അംഗങ്ങളാണ് ഭീകരരെന്നാണ് വിവരം. പാക്കിസ്ഥാനില്‍നിന്ന് പരിശീലനം നേടിയ ഇവരുടെ കൈവശം ഉഗ്രശേഷിയുള്ള ആയുധങ്ങളുണ്ടെന്നും ഇന്റലിജന്‍സ് അറിയിച്ചു.
ആക്രമണ സാധ്യത കണക്കിലെടുത്ത് പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന് സംസ്ഥാനത്ത് വ്യാപക പരിശോധനയ്ക്കു ഉത്തരവിട്ടു. കഴിഞ്ഞ 23ന് പഞ്ചാബില്‍നിന്ന് അറസ്റ്റിലായ ഭീകരന്‍ കമല്‍ദീപ് സിംഗിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഭീകരാക്രമണ പദ്ധതിയെക്കുറിച്ചു വിവരം ലഭിച്ചത്. സംസ്ഥാനത്ത് നടക്കാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആട്ടിമറിക്കാനാണു ഭീകരരുടെ പദ്ധതിയെന്നും ഇന്റലിജന്‍സ് അറിയിച്ചു.