തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനെ പ്രമേയത്തിലൂടെ എതിര്‍ത്ത് എല്‍ഡിഎഫും യുഡിഎഫും. പ്രധാനമന്ത്രിയെ പുകഴ്ത്തി ബിജെപിയുടെ ചൂടന്‍ പ്രതിരോധവും. വാക്കേറ്റവും വെല്ലുവിളിയും അവകാശവാദങ്ങളും നിറഞ്ഞതായിരുന്നു ഇന്നലത്തെ നഗരസഭാ കൗണ്‍സില്‍ യോഗം. തര്‍ക്കങ്ങള്‍ക്കു ശേഷം നഗരസഭയുടെ ഒന്നാം വാര്‍ഷികം മധുരം കഴിച്ചും സദ്യയുണ്ടും ആഘോഷമാക്കിയാണ് കൗണ്‍സിലര്‍മാര്‍ പിരിഞ്ഞത്.
വ്യക്തമായ മുന്‍കരുതല്‍ ഇല്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചതെന്ന് ഔദ്യോഗിക പ്രമേയം അവതരിപ്പിച്ച് മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. കള്ളപ്പണം ഇല്ലായ്മ ചെയ്യേണ്ടത് അനിവാര്യമാണ്. പക്ഷേ, പണം പിന്‍വലിക്കാന്‍ ബാങ്കുകളുടെ കാരുണ്യം കാത്ത് എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ ജനത്തിനു മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. കൂടാതെ കേന്ദ്ര സര്‍ക്കാറും റിസര്‍വബാങ്കും ചേര്‍ന്ന് സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന തീരുമാനങ്ങളും കൈക്കൊണ്ടിരിക്കുന്നുവെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
ഭരണാധികാരിയില്‍ നിന്ന് കിട്ടിയ ഇരുട്ടടിയാണ് നോട്ട് പിന്‍വലിക്കലിലൂടെ ഉണ്ടായിരിക്കുന്നതെന്ന് യുഡിഎഫില്‍ നിന്ന് പ്രമേയം അവതരിപ്പിച്ച് ബീമാപ്പള്ളി റഷീദ് അഭിപ്രായപ്പെട്ടു. സാധാരണ വോട്ടുചെയ്യാനാണ് ആളുകള്‍ ക്യൂ നില്‍ക്കുന്നത്. എന്നാലിപ്പോള്‍ നോട്ട് മാറാന്‍ ക്യൂ നില്‍കേണ്ട ഗതികേടിലാണ് ജനമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ സര്‍വമേഖലയെയും സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ഭരണകക്ഷി അംഗം ആര്‍. സതീഷ്കുമാര്‍ പറഞ്ഞു. കോര്‍പറേഷനിലെ നികുതി വരുമാനം, ഫീസിനങ്ങള്‍ വഴി കിട്ടുന്ന മറ്റ് വരുമാനങ്ങള്‍ എല്ലാം കുറഞ്ഞെന്ന് അദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന എല്‍ഡിഎഫും യുഡിഎഫും ബദല്‍ സംവിധാനത്തെകുറിച്ച് പറയാത്തതെന്തെന്ന് ബിജെപിയിലെ ഗിരികുമാര്‍ ചോദിച്ചു. രാജ്യത്ത് ഉണ്ടാകാന്‍ പോകുന്ന വലിയൊരു നേട്ടത്തിനായാണ് നടപടി. അതിന് ചെറിയ ത്യാഗം എല്ലാവരും അനുഭവിക്കണം. അത് ഓരോ പൗരനും താത്ക്കാലികമായി അനുഭവിച്ചേ പറ്റുവെന്നും അദേഹം പറഞ്ഞു.
എന്നാല്‍ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നടത്തിയ പ്രസ്ഥാവന പിന്‍വലിക്കണമെന്ന് എല്‍ഡിഎഫിലെ പാളയം രാജന്‍ ആവശ്യപ്പെട്ടു. അതേസമയം പ്രതിസന്ധിയിലേക്ക് തള്ളിവിട്ട നരേന്ദ്രമോദി ജനങ്ങളോട് മാപ്പുപറഞ്ഞ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്നും തെരഞ്ഞെടുപ്പിനെ നേരിടണമെന്നും യുഡിഎഫ് അംഗം ഡി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. നരേന്ദ്രമോദിക്ക് പെട്ടെന്നുണ്ടായ ഉള്‍വിളിയായിരുന്നു നോട്ട് നിരോധനമെന്നായിരുന്നു എല്‍ഡിഎഫിലെ പുഷ്പലതയുടെ പരിഹാസം. ജനങ്ങള്‍ ക്യൂവില്‍ നിന്ന് തളര്‍ന്നപ്പോള്‍ മോദി വിദേശത്ത് പോയി പീപ്പി ഊതി രസിക്കുകയായിരുന്നു. ജീവിക്കാനുള്ള അവകാശം തന്നെയാണ് നോട്ട് നിരോധനത്തിലൂടെ മോദി എടുത്തുമാറ്റിയതെന്നും പുഷ്പലത പറഞ്ഞു. നോട്ട് നിരോധനത്തിലുടെ പ്രധാനമന്ത്രി തോന്നിവാസം കാട്ടിയെന്ന് യുഡിഎഫിലെ ജോണ്‍സണ്‍ ജോസഫും ചൂണ്ടിക്കാട്ടി.
രാജ്യത്തെ 63 കുത്തക സ്ഥാപനങ്ങള്‍ക്കായി 7016 കോടി രൂപയുടെ ലോണുകള്‍ എഴുതി തള്ളിയത് പൊതുജനത്തെ അവഹേളിക്കുന്ന നടപടിയാണെന്ന് എല്‍ഡിഎഫിലെ കെ. ശ്രീകുമാര്‍ പറഞ്ഞു. കൊടുക്കാന്‍ പണമില്ലാതെ മൃതദേഹം പോലും സംസ്കരിക്കാതെ ഫ്രീസറില്‍ സൂക്ഷിക്കേണ്ട അവസ്ഥ തിരുവനന്തപുരം നഗരസഭയിലും സംഭവിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ്–യൂഡിഎഫ് അംഗങ്ങള്‍ ഓരോ വാദങ്ങള്‍ നിരത്തുമ്പോഴും അതിനെ കടുത്ത പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ എതിര്‍ത്തു. ബിജെപിയുടെ ശക്തമായ എതിര്‍പ്പില്‍ വോട്ടെടുപ്പോടെ പ്രമേയം പാസായി.
അതേസമയം, പരിഷ്കരിച്ച കെട്ടിട നികുതിക്കൊപ്പം അധിക സേവന നികുതിയും ഈടാക്കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായില്ല.
പ്രതിപക്ഷ പ്രതിഷേധം മുന്നില്‍ കണ്ട് അടുത്ത യോഗത്തില്‍ വിഷയം തീരുമാനിക്കാമെന്ന് മേയര്‍ കൗണ്‍സില്‍ തുടങ്ങിയപ്പോള്‍ തന്നെ അറിയിച്ചു. നഗരത്തില്‍ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനു കൂടുതല്‍ ട്രാഫിക് വാര്‍ഡന്‍മാരെ നിയമിക്കാനുള്ള തീരുമാനത്തില്‍ രാഷ്ട്രീയം കലര്‍ന്നുവെന്ന ആരോപണം വന്നതോടെ വിഷയം മാറ്റിവച്ചു. പെന്‍ഷന്‍ വിതരണത്തില്‍ കടുത്ത വിവേചനമുണ്ടെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു.
മരിച്ചവരുടെ പേരില്‍ പോലും ചില വാര്‍ഡുകളില്‍ പെന്‍ഷന്‍ നല്‍കിയിട്ടുണ്ടെന്ന് അവര്‍ ആരോപിച്ചു. കൂടുതല്‍ ആരോപണങ്ങള്‍ വന്നതോടെ അപാകതകള്‍ പരിശോധിച്ച് അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മേയര്‍ ക്ഷേമകാര്യ ചെയര്‍പേഴ്‌സണോട് ആവശ്യപ്പെട്ടു.
മറ്റ് അജണ്ടകള്‍ സമയപരിമിതിയെ തുടര്‍ന്ന് അടുത്ത കൗണ്‍സിലിലേക്കു മാറ്റി യോഗം പിരിഞ്ഞു. തുടര്‍ന്ന്, ഇപ്പോഴത്തെ കൗണ്‍സിലിന്റെ ഒന്നാം വാര്‍ഷികം ആഘോഷമാക്കിയ ശേഷമാണ് കൗണ്‍സിലര്‍മാര്‍ പിരിഞ്ഞത്.