കോട്ടയം: “ഒപ്പം’ കാണാന്‍ ചിത്രത്തില്‍ അഭിനയിച്ച മീനാക്ഷി എത്തിയതോടെ ആവേശം ഇരട്ടിയായി മോഹന്‍ലാല്‍ ഫാന്‍സ്. ഇന്നലെ റിലീസ് ചെയ്ത മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ചിത്രം ‘ഒപ്പം’ കാണാന്‍ കോട്ടയം അഭിലാഷ് തീയേറ്ററിലാണു മീനാക്ഷി എത്തിയത്. സിനിമയില്‍ മോഹന്‍ലാലിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മീനാക്ഷിയാണ്.
ചിത്രത്തിലെ ട്രെയിലറിലും ഗാനങ്ങളിലും മോഹന്‍ലാലിനൊപ്പമുള്ള മീനാക്ഷിയുടെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാവിലെ 10.45നുള്ള ഷോയ്ക്കു മീനാക്ഷി എത്തിയതോടെ ഫാന്‍സ് അസോസിയേഷന്‍കാരുടെ ആവേശം പതിന്‍മടങ്ങായി വര്‍ധിച്ചു. ബാന്റുമേളത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മീനാക്ഷിയ്ക്കു സ്വീകരണവും നല്കി. ഷോയ്ക്കുശേഷം മീനാക്ഷി പുറത്തിറങ്ങിയപ്പോഴും ഫാന്‍സ് അസോസിയേഷന്‍കാരുടെ നേതൃത്വത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.
മോഹന്‍ലാല്‍ ആരാധകരുടെ നേതൃത്വത്തില്‍ ചിത്രത്തിനു കോട്ടയത്ത് വന്‍ സ്വീകരണമാണു ഒരുക്കിയിരുന്നത്. രാവിലെ മുതല്‍ അഭിലാഷ് തീയേറ്ററും പരിസരപ്രദേശങ്ങളും മോഹന്‍ലാലിന്റെ കൂറ്റന്‍ ഫ്‌ളെക്‌സുകള്‍ കൊണ്ടു നിറഞ്ഞിരുന്നു. കോട്ടയം കെഎസ്ആര്‍ടിസിക്കു സമീപമുള്ള സ്വകാര്യ കംപ്യുട്ടര്‍ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിനായി മീനാക്ഷി എത്തിയപ്പോള്‍ ഒപ്പം കാണുന്നതിനു തീയേറ്ററില്‍ എത്തുകയായിരുന്നു.