ആലപ്പുഴ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി. വസന്തദാസ്. കളക്ടറേറ്റില്‍ നടന്ന പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറല്‍പനി, വയറിളക്കം എന്നീ രോഗങ്ങളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ ജില്ലയില്‍ 338 ചിക്കന്‍പോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരിയില്‍ എലിപ്പനി ഒരു കേസും ഫെബ്രുവരിയില്‍ അഞ്ചു കേസും മാര്‍ച്ച് 15വരെ അഞ്ച് കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഡെങ്കിപ്പനി ജനുവരിയില്‍ നാലും, ഫെബ്രുവരിയില്‍ 18ഉം മാര്‍ച്ച് 15വരെ നാലുകേസും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.
മലേറിയ ജനുവരിയില്‍ ഒമ്പതും, ഫെബ്രുവരിയില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികളിലാണ് മലേറിയ രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കളക്ടര്‍ ആര്‍. ഗിരിജ അധ്യക്ഷത വഹിച്ചു. നഗരസഭകളുടെ പരിധിയില്‍ വരുന്ന ഓടകളില്‍ പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും ഇതിലെ തടസങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും കളക്ടര്‍ എല്ലാ നഗരസഭാ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി.
നഗരസഭകളിലെ ശുചീകരണവിഭാഗം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ തൊഴില്‍വകുപ്പ് പ്രത്യേക താല്പര്യമെടുക്കണമെന്നും അവരുടെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ഫിഷറീസിന്റെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരേ സൊസൈറ്റികള്‍ വഴി ലഘുലേഖകള്‍ വിതരണം ചെയ്യും.
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വമിഷന്‍ മുഖാന്തിരം ഫണ്ട് ലഭ്യമാണെന്നും വാര്‍ഡുതലത്തിലുള്ള കമ്മിറ്റികള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അനില്‍ വ്യക്തമാക്കി. ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധമരുന്നിന്റെ വിതരണം നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ഡിഎംഒ ഡോ. എസ്. ഇന്ദു പറഞ്ഞു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അനീറ്റ എസ്. ലിന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. ജമുനാ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.