ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു. വയലാര്‍, പുന്നപ്ര, ആലപ്പുഴ, ചെട്ടികാട്, കുപ്പപ്പുറം, കഞ്ഞിക്കുഴി, ചേര്‍ത്തല, തണ്ണീര്‍മുക്കം, കലവൂര്‍, വെട്ടക്കല്‍, മണ്ണഞ്ചേരി, പള്ളിപ്പുറം, എഴുപുന്ന, മുഹമ്മ തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ആലപ്പുഴ, കലവൂര്‍, ചേര്‍ത്തല, തലവടി, മാരാരിക്കുളം, തോട്ടപ്പള്ളി, കരുവാറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ എലിപ്പനിയും റിപ്പോര്‍ട്ടു ചെയ്തു.
കഴിഞ്ഞ ഒരാഴ്ചക്കിടെ 30ഓളം പേരാണ് ഡെങ്കിപ്പനി ബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്കായെത്തിയത്. 20ഓളം പേര്‍ ഒരാഴ്ചക്കിടെ എലിപ്പനി ബാധിതരായി ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഇതോടൊപ്പം സിക്ക വൈറസിന്റെയും ഭീഷണി നിലനില്‍ക്കുന്നതായാണ് വിവരം. ഡെങ്കി, ചിക്കുന്‍ഗുനിയ പോലെ തന്നെ പകല്‍ സമയങ്ങളില്‍ പറക്കുന്ന ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്.
ഇന്ത്യയില്‍ ഈ രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കൊതുകിന്റെ വര്‍ധനവ് സിക്ക വൈറസിന്റെ വ്യാപനത്തിനു കാരണമാകാന്‍ സാധ്യതയുണ്ടെന്നാണ വിദഗ്ധമതം. ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങള്‍ തന്നെയാണ് ഇതിനും. പെട്ടന്നുള്ള പനി, തലവേദന, ശരീരവേദന, കണ്ണുകള്‍ക്കു ചുവപ്പോ, പിങ്ക് നിറമോ തുടങ്ങിയ രോഗലക്ഷണങ്ങളുമാണ് സിക്ക വൈറസ് ബാധിച്ചാല്‍ സംഭവിക്കുക.
ഈജിപ്തി കൊതുകുകള്‍ മനുഷ്യനിര്‍മിത സ്രോതസുകളിലാണ് മുട്ടയിട്ടു പെരുകുന്നത്. സിമന്റ് ടാങ്ക്, സിമന്റ് സംഭരണികള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ടയറുകള്‍, പൂച്ചട്ടികള്‍ തുടങ്ങിയവയിലാണു ഇവ മുട്ടയിടുന്നത്. വീടും പരിസരങ്ങളും ശുചിയാക്കാനും കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ വീട്ടുകാര്‍തന്നെ ചെയ്യുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള മാര്‍ഗം.