ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലീസ്റ്റര്‍ സിറ്റിക്ക്

sp-premierലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രമെഴുതി ലീസ്റ്റര്‍ സിറ്റി. ചെല്‍സി-ടോട്ടനം മത്സരം സമനിലയില്‍ പിരിഞ്ഞതോടെ സീസണില്‍ ലീസ്റ്റര്‍ കിരീടമുറപ്പിച്ചു. രണ്ടു മത്സരങ്ങള്‍ ശേഷിക്കെയാണ് ലീസ്റ്റര്‍ കിരീടം നേടിയത്. ഇനിയുള്ള രണ്ടു മത്സരങ്ങള്‍ ജയിച്ചാലും ടോട്ടനത്തിന് ലീസ്റ്ററിനെ മറികടക്കാനാവില്ല. ഇതാദ്യമായാണ് ലീസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേടുന്നത്. സീസണിന്റെ തുടക്കത്തില്‍ ലീസ്റ്ററിനു കല്‍പ്പിച്ചിരുന്നത് അയ്യായിരത്തില്‍ ഒരു ശതമാനം സാധ്യത മാത്രമാണ്.

132 വര്‍ഷം പ്രായമുള്ള ക്ലബിന്റെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടമാണിത്. ലീഗില്‍ കിരീടം നേടുന്ന ആറാമത്തെ ടീമെന്ന ബഹുമതിയാണ് ലീസ്റ്ററിനു ലഭിച്ചിരിക്കുന്നത്. 36 കളികളില്‍ നിന്ന് ലീസ്റ്റര്‍ 77 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 36 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റു മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള ടോട്ടനത്തിനുള്ളത്. ഇനിയുള്ള രണ്ടു മത്സരങ്ങള്‍ ജയിച്ചാലും 76 പോയിന്റേ അവര്‍ക്കു നേടാനാകൂ.

ഞായറാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞതോടെയാണ് ടോട്ടനം-ചെല്‍സി മത്സരഫലത്തിനായി ലീസ്റ്റര്‍ കാത്തിരുന്നത്. ചെല്‍സി-ടോട്ടനം മത്സരം 2-2 എന്ന നിലയില്‍ സമനിലയില്‍ പിരിയുകയായിരുന്നു.

വെറും 300 കോടി രൂപയ്ക്കു തട്ടിക്കൂട്ടിയ ടീമുമായി പ്രീമിയര്‍ ലീഗിലിറങ്ങിയ റെനേരിയയുടെ ടീമിന്റെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍നിര താരം യുവാന്‍ മാട്ടയുടെ പ്രതിഫലം പോലും റെനേരിയയുടെ ടീമിന്റെ വിലയേക്കാള്‍ കൂടുതലാണ്. ലീസ്റ്റര്‍ സിറ്റി ഇതുവരെയും ഫസ്റ്റ് ഡിവിഷന്‍ കിരീടങ്ങളൊന്നും നേടിയിട്ടില്ല.

Related posts