കോഴിക്കോട്: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ക്ക് നിരോധനം നിലവില്‍ വന്നതോടെ ചില്ലറകള്‍ക്കായി നെട്ടോട്ടമോടുന്ന അവസരം മുതലെടുത്ത് ലാഭം കൊയ്യാന്‍ “ചില്ലറ മാഫിയ’കള്‍ വ്യാപകം. ആവശ്യക്കാര്‍ക്ക് 1000 രൂപയ്ക്ക് 800-700 രൂപ, 500 രൂപയ്ക്ക് 400-300 രൂപ എന്നിങ്ങനെ ചില്ലറ തിരിച്ചുനല്‍കിയാണ് അവസരം മുതലെടുത്ത് ലാഭം കൊയ്യുന്നത്. ഇത്തരക്കാര്‍ പലരെയും സമീപിച്ചുകഴിഞ്ഞു.
ചില വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ നല്‍കിയവര്‍ക്ക് ബാക്കി നല്‍കാതെ ബാലന്‍സ് തുക പിന്നീട് വന്ന് കൈപ്പറ്റാന്‍ ആവശ്യപ്പെട്ടത് നിരവധി സ്ഥലങ്ങളില്‍ വാക്കുതര്ക്കങ്ങള്ക്കിടയാക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കാനായി അത്യാവശ്യക്കാര്‍ എത്തുന്ന പഴം-പച്ചക്കറി മാര്‍ക്കറ്റുകള്‍, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍, പെട്രോള്‍ ബങ്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ചില്ലറകളുമായി ലാഭം കൊയ്യാന്‍ എത്തിയ മാഫിയകള്‍ നിലയുറപ്പിച്ചത്. സാധനം വാങ്ങിയശേഷം ചില്ലറയില്ലെന്ന് പറഞ്ഞ് വാങ്ങാനെത്തുന്നവരെ വ്യാപാരികള്‍ കൈയൊഴിഞ്ഞതോടെ നിരവധിപേര്‍ക്ക് ഇന്നലെ ഈ “മാഫിയകള്‍ക്ക്’ ഇരയാകേണ്ടി വന്നു.
ധാരാളമായി ആളുകള്‍ എത്തുന്ന ഹോട്ടലുകളിലും ബാങ്ക് പരിസരത്തും നിലയുറപ്പാണ് ഇവര്‍ ആളുകളെ കാന്‍വാസ് ചെയ്യുന്നത്. തിരക്കുള്ളവരും പണക്കാരും ഈ മാഫിയകളുടെ ഇരകളാകുന്നു. ചില എന്ആര്ഐമാരെയും ഇങ്ങനെ കെണിയിലാക്കുന്നത് പതിവായിട്ടുണ്ട്. എന്‍ആര്‍ഐമാര്‍ക്ക് ബാങ്കുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന കാര്യം പോലും പലര്‍ക്കും അറിയില്ല.
എന്‍ആര്‍ഐ അക്കൗണ്ടുകളില്‍നിന്നും പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കണമെന്ന് ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പെട്രോള്‍ ബങ്കുകളില്‍ ഇന്ധനം നിറക്കാനെത്തുന്നവരെയും ഇത്തരക്കാര്‍ കൂട്ടുപിടിക്കുന്നുണ്ട്.