ഹരാരെ: രണ്ടാം ഏകദിനത്തിലും വിജയിച്ച് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആതിഥേയരെ 34.3 ഓവറില്‍ 126 റണ്‍സില്‍ ഒതുക്കി. 53 റണ്‍സ് നേടിയ വുസി സിബാന്‍ഡ മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്. മൂന്നിന് 106 എന്ന നിലയില്‍ നിന്നാണ് സിംബാബ്‌വെ 126 റണ്‍സില്‍ പുറത്തായത്. ഇന്ത്യക്കു വേണ്ടി ലെഗ് സ്പിന്നര്‍ യുശ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റും ബരീന്ദര്‍ സ്രാന്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ചാഹലാണ് മാന്‍ ഓഫ് ദ മാച്ച്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 26.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം ലക്ഷ്യം മറികടന്നു. 41 റണ്‍സോടെ അമ്പാട്ടി റായുഡു പുറത്താകാതെ നിന്നു. ഓപ്പണര്‍മാരായ കരുണ്‍ നായര്‍ 39 റണ്‍സിനും കെ.എല്‍. രാഹുല്‍ 33 റണ്‍സിനും പുറത്തായി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് സ്‌കോര്‍ ചെയ്തു. നാല് റണ്‍സോടെ റായുഡുവിന് ഒപ്പം മനീഷ് പാണ്ഡെ പുറത്താകാതെ നിന്നു.ഏകദിന പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയും ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുന്നുണ്ട്.