ടോം ജോര്‍ജ്
നെല്ലിയാമ്പതി മലമുകളില്‍ 900 ഏക്കറില്‍ പരന്നുകിടക്കുന്ന തോട്ടങ്ങള്‍. ഉത്പാദനവും സ്ംസ്കരണവും വിപണനവും ഏകോപിപ്പിച്ച് സംയോജിത കൃഷി സമ്പ്രദായത്തിനു മാതൃക കാട്ടുകയാണ് നെല്ലിയാമ്പതിയിലെ കൃഷിവകുപ്പിനു കീഴിലുള്ള ഗവണ്‍മെന്റ് ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം. നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പോളിഹൗസ് ഉള്‍പ്പെടെയുള്ള നവീന കൃഷിരീതികള്‍ കണ്ടറിയുന്നതിനും വിവിധ കാര്‍ഷിക വിളകളുടെ കൃഷി കണ്ടാസ്വദിക്കുന്നതിനും സൗകര്യമൊരുക്കുന്ന ഫാം, ഫാം ടൂറിസത്തിനും ഉത്തമോദാഹരണമാണ്. കൃഷിക്കൊപ്പം സംസ്കരണവും വിപണനവും ഏകോപിപ്പിക്കുന്നു എന്നതാണ് നെല്ലിയാമ്പതി ഫാമിന്റെ പ്രത്യേകത. എല്ലാ പഴങ്ങളുടേയും സ്ക്വാഷ്, ജാം, ജെല്ലി, അച്ചാറുകള്‍ തുടങ്ങിയവയെല്ലാം ഫ്രൂട്ട്‌നെല്‍ എന്ന ബ്രാന്‍ഡ്‌നെയ്മില്‍ ഇവിടെ വില്‍പനക്കു തയാറാക്കുന്നു. പൊതു മാര്‍ക്കറ്റില്‍ നല്‍കാനൊന്നും ഇവ തികയുന്നില്ല. ഉണ്ടാക്കുന്നതെല്ലാം നെല്ലിയാമ്പതി സന്ദര്‍ശനത്തിനെത്തുന്നവര്‍ തന്നെ വാങ്ങി തീര്‍ക്കുന്നു.
പാഷന്‍ ഫ്രൂട്ടിന് ഒന്നാം സ്ഥാനം
കൃഷികള്‍ ഏറെയുണ്ടങ്കിലും പാഷന്‍ഫ്രൂട്ടാണ് നെല്ലിയാമ്പതിയിലെ താരം. 18 ഏക്കറില്‍ പാഷന്‍ ഫ്രൂട്ട് ഇവിടെ കൃഷിചെയ്യുന്നു. സ്ക്വാഷ്, ജാം, ജെല്ലി, തൊണ്ടുകൊണ്ടുള്ള അച്ചാര്‍ എന്നിവയാണ് പാഷന്‍ഫ്രൂട്ടില്‍ നിന്നും നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍. ഔഷധമൂല്യം കൂടുതലുള്ളതിനാല്‍ ഇതിന് ചെലവു കൂടുതലാണ്. കാന്‍സര്‍ പ്രതിരോധത്തിനും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കുന്നതിനും ഇത് ഉപയോഗിക്കുന്നതിനാല്‍ ചോദിച്ചു വാങ്ങുന്നവരും അനവധി. പാഷന്‍ ഫ്രൂട്ടുകൃഷിയില്‍ പന്തലിനാണ് ചെലവു കൂടുതലെന്ന് തോട്ടത്തിലെ കൃഷിപ്പണികള്‍ക്കു നേതൃത്വം നല്‍കുന്ന കൃഷി അസിസ്റ്റന്റുമാരായ നാരായണന്‍കുട്ടിയും രാജേഷ്കുമാറും പറയുന്നു. 700 മില്ലിലിറ്റര്‍ സ്ക്വാഷിന് 100 രൂപ നിരക്കിലാണ് വില്‍പന. ഇവിടെയുണ്ടാകുന്ന നാടന്‍ പേരക്കയുപയോഗിച്ചു നിര്‍മിക്കുന്ന സ്കാഷ്, ജെല്ലി എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മാങ്ങ നെല്ലിയാമ്പതിയുടേതിനു പുറമേ പാലക്കാട് മുതലമടയില്‍ നിന്നും ഇവിടെ സംസ്കരണത്തിനെത്തിക്കുന്നു. പച്ചമാങ്ങയുടെ രുചി നല്‍കുന്ന സ്ക്വാഷ്, മാങ്ങാ സ്ക്വാഷ്, മാങ്ങാ ജാം, അച്ചാര്‍, മാങ്ങ കഷണങ്ങളാക്കി പായ്ക്ക് ചെയ്തത്, കണ്ണിമാങ്ങ തുടങ്ങി മാങ്ങയും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഇവിടെ വില്‍ക്കപ്പെടുന്നു.
ഓറഞ്ചു തോട്ടമാണ് നെല്ലിയാമ്പതി സര്‍ക്കാര്‍ ഫാമിലെ മറ്റൊരാകര്‍ഷണം. ഒരാള്‍ പൊക്കം പോലുമില്ലാതെ കുറ്റിച്ചെടിപോലെ നില്‍ക്കുന്ന ഓറഞ്ചു മരങ്ങളില്‍ ഇലകാണാത്ത രീതിയില്‍ ഓറഞ്ചുണ്ടായി കിടക്കുന്ന കാഴ്ച വിനോദ സഞ്ചാരികളെ വല്ലാതെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഓറഞ്ചില്‍ നിന്നും സ്ക്വാഷ് നിര്‍മിക്കുന്നു. ഓറഞ്ചുകൃഷി വ്യാപകമായി ചെയ്യുന്നുണ്ടിവിടെ. നാരങ്ങയില്‍ നിന്നും സ്ക്വാഷും അച്ചാറും നിര്‍മിക്കുന്നു. ചെറിയില്‍ നിന്നും നിര്‍മിക്കുന്ന സ്ക്വാഷും അച്ചാറും രുചികരമാണ്. കാട്ടുഞാവലില്‍ നിന്നുള്ള സ്ക്വാഷ് നെല്ലിയാമ്പതിയുടെ തനതു വിഭവമാണ്. ഔഷധമൂല്യം കൂടിയ ഞാവല്‍ സ്ക്വാഷിന് ആവശ്യക്കാരും ഏറെയാണ്. നെല്ലിക്കയില്‍ നിന്നും സ്ക്വാഷ്, ജാം, അച്ചാര്‍ എന്നിവയും ഇഞ്ചിയില്‍ നിന്നും സ്ക്വാഷും ജെല്ലിയും മുസമ്പി സ്ക്വാഷും തക്കാളി ജാമുമെല്ലാം നെല്ലിയാമ്പതി ഫാമില്‍ നിന്നു തന്നെയുള്ള ഉത്പന്നങ്ങളാണ്. ഇതിനു പുറമേ മിക്‌സഡ് ഫ്രൂട്ട് ജാം, പെനാപ്പിള്‍ ജാം, സ്ക്വാഷ്, ഏത്തക്കായുടെ ജാം, ജെല്ലി തുടങ്ങിയവയും നെല്ലിയാമ്പതി ഫാം ഔട്ട്‌ലറ്റില്‍ നിന്നു വാങ്ങാന്‍ സാധിക്കും.
ഊട്ടിയിലെ കാലാവസ്ഥ, പച്ചക്കറികളുടെ വിളനിലം
ഊട്ടിയിലെ കാലാവസ്ഥയാണ് നെല്ലിയാമ്പതിയില്‍. ഇതിനാല്‍ നല്ല തണുപ്പു കാലാവസ്ഥയില്‍ വിളയുന്ന പച്ചക്കറികള്‍ എല്ലാം തന്ന ഇവിടെ വിളയുന്നു. ഏഴേക്കറിലാണ് ഫാമില്‍ പച്ചക്കറികൃഷി നടക്കുന്നത്. ഇവിടെയുണ്ടാകുന്നവ ഫാം ഔട്ട്‌ലറ്റില്‍ തന്നെ വിറ്റുപോകുന്നു. കാരറ്റ്, കാബേജ്, വയലറ്റ് കാബേജ്, ലത്യൂസ്, കാന്‍സറിനെ പ്രതിരോധിക്കുകയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ബ്രോ ക്കോളി, റാഡിഷ്, ഉള്ളി, സബോള, മല്ലി, ക്വാളിഫ്‌ളവര്‍, അമര, വഴുതന, തക്കാളി, മുളക്, പ്രത്യേക ഇനം ബട്ടര്‍ ബീന്‍സ് ഇങ്ങനെപോകുന്നു നെല്ലിയാമ്പതി ഫാമിലെ കൃഷി വൈവിധ്യം. നവംബറില്‍ തുടങ്ങുന്ന കൃഷി മാര്‍ച്ചോടെ വിളവെടുപ്പു പൂര്‍ത്തിയാകും. ട്രാക്ടര്‍വച്ച് നിലമുഴുതുകൊണ്ടാണ് കൃഷി ആരംഭിക്കുക. മണ്ണില്‍ കുമ്മായമിട്ടിളക്കി വരമ്പു നിര്‍മിച്ചതിനു ശേഷം 10 ദിവസം തരിശിടുന്നു. ഇതിനു ശേഷം വേപ്പിന്‍പിണ്ണാക്ക്, ചാണകപ്പൊടി, എല്ലുപൊടി ഫലഭൂയിഷ്ടിയുള്ള പുഴമണല്‍ എന്നിവചേര്‍ത്ത് നിലമൊരുക്കും. എന്‍പികെ വളമായ “ഓള്‍ 90,’ ചെടിമുളച്ച് 20-ാം ദിവസം ഒറ്റത്തവണ ഫോളിയാര്‍ സ്‌പ്രേയായി നല്‍കും.
സ്പിഗ്‌ളര്‍ ഉപയോഗിച്ചാണ് ജലസേചനം. കീടങ്ങളെ അകറ്റാനും ഇവര്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കുന്നു. കടുകും, ബന്തിയും വരമ്പുകളില്‍ നട്ടാല്‍ കീടബാധ കുറയും. മഞ്ഞപ്രതലത്തില്‍ പശതേച്ച മഞ്ഞക്കെണി, നീലക്കെണി, ഫിറമോണ്‍ കെണി എന്നിവയും ഇവിടെ ഫലപ്രദമായി ഉപയോഗിക്കുന്നു. പശയില്‍ ഒട്ടി കീടങ്ങള്‍ ചാകുമെന്നതാണ് മഞ്ഞ, നീലക്കെണികളുടെ പ്രത്യേകത. കാരറ്റും കാബേജുമെല്ലാം മൂന്നു മാസമാകുമ്പോള്‍ വിളവെടുക്കാം. 91 സ്ഥിരം ജീവനക്കാരും 100 താത്ക്കാലിക ജീവനക്കാരും ചേര്‍ന്നാണ് ഇവിടെ കൃഷി, സംസ്കരണ, വിപണന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. ഇവരില്‍ നിന്നും പ്രത്യേക പരിശീലനം നേടുന്നവരേയാണ് പ്രോസസിംഗിനായി നിയോഗിക്കുന്നത്. പച്ചക്കറിയില്‍ ലക്ഷ്മി എന്ന തമിഴ്‌നാടന്‍ ഇനം തക്കാളി കൃഷിചെയ്തത് ഒരു ടണ്‍ വിളവെടുത്തു. ബീന്‍സ് 700 കിലോ ലഭിച്ചു. പച്ചമുളക് സിറാ എന്നയിമാണ് ചെയ്തത്. സമ്മര്‍ ആന്‍ഡ് വിന്റര്‍ സ്ക്വാഷ് എന്നത് വെള്ള ബോളുപോലിരിക്കുന്ന പച്ചക്കറിയാണ്. ഇതും ഇവിടെ കൃഷിചെയ്യുന്നു. കീടങ്ങളെയും കായീച്ചയേയും അകറ്റാന്‍ ഇതിനു കഴിവുണ്ട്. ഇതിനടുത്ത് ഫിറമോണ്‍ കെണികൂടെ വച്ചാല്‍ പൂര്‍ണമായും കീടനിയന്ത്രണം നടത്താം. വിളപരിക്രമ രീതി സ്വീകരിച്ചിരിക്കുന്നതിനാല്‍ കീടങ്ങളിവിടെ പ്രശ്‌നമാകാറില്ല.
ഫെന്‍സിംഗ് ആന നശിപ്പിക്കുന്നതിനും പരിഹാരം
ഇലക്ട്രിക്ക് ഷോക്കുള്ള ഫെന്‍സിംഗ്(ചുറ്റുവേലി) ആന മരമിട്ട് തകര്‍ക്കുന്നതിനും ഇവര്‍ ഫലപ്രദമായി പരിഹാരം കണ്ടിട്ടുണ്ട്. നിലവിലെ ഫെന്‍സിംഗിന് നൂറുമീറ്റര്‍ അകലെ മരങ്ങളില്‍ ഒറ്റകമ്പികെട്ടി ഇലക്ട്രിക് ഷോക്കു ഇതില്‍ നല്‍കിയാല്‍ നല്ല ഫെന്‍സിംഗ് ആന നശിപ്പിക്കാതിരിക്കും. മരത്തിനിടയില്‍ നില്‍ക്കുന്ന കമ്പി ആനയുടെ കണ്ണില്‍ പെട്ടന്നുപെടാത്തതിനാല്‍ ഇത് നശിപ്പിക്കാറില്ലെന്നാണ് നെല്ലിയാമ്പതിയിലെ അനുഭവപാഠം. ഫാമിലെ കൃഷിയിടത്തില്‍ 40,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള പടുതാക്കുളം ജീവനക്കാര്‍ തന്നെ തീര്‍ത്തിട്ടുണ്ട്.