എഐവൈഎഫ് ജില്ലാ സമ്മേളനം നാളെ ഏറ്റുമാനൂരില്‍ തുടങ്ങും; 29ന് കാല്‍ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന യുവജന റാലി

KLM-AIYFകോട്ടയം: എഐവൈഎഫ് ജില്ലാ സമ്മേളനം നാളെ മുതല്‍ 31 വരെ ഏറ്റുമാനൂരില്‍ നടക്കും. തൊഴില്‍ ജന്മാവകാശമായി പ്രഖ്യാപിച്ചു കരാറടിസ്ഥാനത്തിലുള്ള പൊതുമേഖലയിലെ തൊഴില്‍ നിയമനത്തിനും സ്വകാര്യമേഖലയില്‍ തൊഴില്‍ സ്ഥിരതയും സംവരണവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭണങ്ങള്‍ക്കും സമ്മേളനം രൂപം നല്കും.വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന പതാക, ബാന്‍, കൊടി, കൊടിമര ജാഥകള്‍ നാളെ വൈകുന്നേരം നാലിന് ഏറ്റുമാനൂരില്‍ സംഗമിക്കും. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് വി.എസ്. മനുലാല്‍  പതാക ഉയര്‍ത്തും.

അഞ്ചിനു ബസ് സ്റ്റാന്‍ഡ് മൈതാനത്തു നടക്കുന്ന വര്‍ഗീയ വിരുദ്ധ സമ്മേളനം ഗ്രന്ഥകാരന്‍ എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്യും. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രശാന്ത് രാജന്‍ അധ്യക്ഷത വഹിക്കും. പി.കെ. ചിത്രഭാനു, അഡ്വ. കെ. അനില്‍കുമാര്‍,  ലതിക സുഭാഷ്, ഡോ. അലക്‌സാണ്ടര്‍ കളപ്പിലാ, എലിക്കുളം ജയകുമാര്‍,  അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും.

29നു വൈകുന്നേരം നാലിന് പട്ടിത്താനത്തുനിന്നും കാല്‍ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന യുവജന റാലി ആരംഭിക്കും. റാലിക്ക് സമാപനം കുറിച്ചു ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി പ്രസിഡന്റ് കെ.ഐ. കുഞ്ഞച്ചന്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍, സി.കെ.ആശ എംഎല്‍എ, വി.ബി. ബിനു,  ആര്‍.സുശീലന്‍, മനോജ് ജോസഫ്, പി.പ്രദീപ് എന്നിവര്‍ പ്രസംഗിക്കും.

30നു നന്ദാവനം ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ. രാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, പി.കെ. കൃഷ്ണന്‍, ആര്‍.സുജിലാല്‍, പ്രശാന്ത് രാജന്‍, ആര്‍. ബിജു,  സി.ജി. സേതുലക്ഷ്മി,  വി.കെ. സന്തോഷ് കുമാര്‍, ജോണ്‍ വി.ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

ജില്ലാസെക്രട്ടറി പി. പ്രദീപ് പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രസിഡന്റ് വി.എസ്. മനുലാല്‍ ഭാവി പ്രവര്‍ത്തന രേഖയും അവതരിപ്പിക്കും. ജില്ലയിലെ 10 മണ്ഡലം കമ്മിറ്റികളില്‍ നിന്നായി തെരഞ്ഞെടുത്ത 200 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Related posts