എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ചിത്രകാരിയെ അപമാനിക്കാന്‍ ശ്രമം

ktm-peedanamകൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ സാമൂഹിക പ്രവര്‍ത്തകയും ചിത്രകാരിയുമായ തിരുവാങ്കുളം സ്വദേശിനി രാജനന്ദിനിയെ അപമാനിച്ച കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു. അങ്കമാലി സ്വദേശി അലോഷ്യസി (58)നെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

രാത്രി ഒമ്പതിനുള്ള ബിക്കാനിര്‍ എക്‌സ്പ്രസില്‍ പോകാനായി എത്തിയതായിരുന്നു രാജനന്ദിനി. പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുമ്പോള്‍ അലോഷ്യസ് അടുത്തെത്തി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. ഇന്ന് രാത്രി തന്റെ കൂടെ കഴിഞ്ഞുകൂടെ എന്ന് അലോഷ്യസ് ചോദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. നടുക്കം മാറിയശേഷം രാജനന്ദിനി അലോഷ്യസിനെ അടിച്ചു.

അലോഷ്യസ് ഓടാന്‍ ശ്രമിച്ചു. അലോഷ്യസിനെ പിന്നാലെ ഓടിയെത്താന്‍ രാജനന്ദിനിക്കായില്ല. റെയില്‍വേ സ്‌റ്റേഷനിലെ ആള്‍കൂട്ടം ഇത് മുഴുവന്‍ കണ്ട് നിസംഗരായി നോക്കി നില്‍ക്കുകയായിരുന്നു. ഒടുവില്‍ സഹായത്തിനായി രണ്ടുപേര്‍ വരികയായിരുന്നു. തുടര്‍ന്ന് അലോഷ്യസിനെ പിടികൂടി തൊട്ടടുത്തുണ്ടായിരുന്ന പോലീസുകാരനെ ഏല്‍പ്പിച്ചു.

എന്നാല്‍ അയാള്‍ കള്ളുകുടിച്ചിട്ടായിരിക്കും എന്ന നിസംഗമായ മറുപടിയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് രാജനന്ദിനി പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നു പോലീസ് വിശദീകരിച്ചു.

ശനിയാഴ്ച രാത്രി റെയില്‍വേ സ്‌റ്റേഷനില്‍ നടന്നതായി പറയുന്ന സംഭവത്തില്‍ അന്നു പരാതി ലഭിച്ചില്ല. പരാതിക്കാരിക്ക് അടുത്ത ട്രെയിനില്‍ പോകേണ്ടി വന്നിരുന്നു. ഇന്നലെ സ്റ്റേഷനിലെത്തി പരാതി നല്‍കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും പോലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

Related posts