എല്ലാം ശരിയാക്കിത്തുടങ്ങി! ജോലി സമയത്ത് കൃത്യമായി ജോലി ചെയ്യണം; ഓരോ ഫയലിലും ജനങ്ങളുടെ ജീവിതമുണ്ടെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് ജീവനക്കാരോട്

Pinarayiതിരുവനന്തപുരം: ഓരോ ഫയലിലും ജനങ്ങളുടെ ജീവിതമുണെ്ടന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുളളതല്ലെന്നും പൊതുജനങ്ങള്‍ക്ക് വേണ്ടിയുളളതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭരണം എന്നത് തുടര്‍ച്ചയായി നടക്കേണ്ട കാര്യമാണ്. രാഷ്ട്രീയ ഭരണാധികാരികള്‍ മാറി വന്നു എന്നു വരും. ഭരണം അതിന്റേതായ രീതിയില്‍ പോകേണ്ടതായിട്ടുണ്ട്. അത് എങ്ങനെ വേഗത്തിലാക്കാം, കാര്യക്ഷമമാക്കാം, എങ്ങനെ കൂടുതല്‍ പുരോഗമനോന്മുഖമാക്കാം എന്ന കാര്യങ്ങളില്‍ പുതിയ സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാട് നടപ്പാക്കുക തന്നെ ചെയ്യും. അതിന് മുഴുവന്‍ ജീവനക്കാരുടെയം സഹകരണം ഉണ്ടാവണം. എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കുന്ന നിലയുണ്ടാവണം. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴിലാണ് ജോലി ചെയ്യുന്നതെന്നതോര്‍ത്ത് ഒരുമയോടെ പ്രവര്‍ത്തിക്കണം. തസ്തികകളുടെ കാര്യത്തില്‍ മാത്രമായിരിക്കണം വേര്‍തിരിവ്. ഇത്തരത്തിലുള്ള ബോധത്തോടെ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ വലിയ മുന്നേറ്റം എല്ലാ കാര്യങ്ങളിലും ഉണ്ടാക്കാന്‍ സാധിക്കും.

ഉദ്യോഗസ്ഥര്‍ പല തരക്കാരുണ്ട്. കുറേ കാലം ഉദ്യോഗത്തില്‍ തുടരുമ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ശരിയായ തീവ്രതയോടെ മനസിലാക്കാന്‍ കഴിയാത്തവരുണ്ട്. നിങ്ങളുടെ മുന്നില്‍ എത്തുന്ന ഫയലില്‍ ജീവിതമാണ് ഉള്ളതെന്നത് മനസിലാക്കണം. കുടുംബത്തിന്റെയും വ്യക്തിയുടെയും നാടിന്റെയും ജീവിതമാണ് ഫയലുകളില്‍ ഉള്ളത്. മിക്കവാറും ഫയലുകളില്‍ നിങ്ങള്‍ ഒരു കുറിപ്പെഴുതുന്നുണ്ട്. ആ കുറിപ്പാണ് ചിലരുടെ കാര്യത്തിലെങ്കിലും അവര്‍ തുടര്‍ന്നു ജീവിക്കണോ എന്നു പോലും തീരുമാനിക്കപ്പെടുന്നത്. അത്രയും പ്രധാന പ്രശ്‌നങ്ങളിലെ അഭിപ്രായങ്ങളാണ് നിങ്ങളുടെ പേന കൊണ്ട് കുറിച്ചിടുന്നത്. പ്രതീക്ഷയ്ക്കു വിരുദ്ധമായി പ്രതികൂല പരാമര്‍ശം വന്നാല്‍ ജീവിതം തന്നെ തകര്‍ന്നു എന്നു കരുതുന്നവരുണ്ട്. അത്രകണ്ട് പ്രാധാന്യമുണ്ട് നിങ്ങളുടെ കുറിപ്പുകള്‍ക്കെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.

ജീവനക്കാര്‍ക്ക് മുന്നിലെത്തുന്ന ഫയലുകളില്‍ നിശ്ചിത സമയത്തിനുള്ളില്‍ തീരുമാനം എടുക്കണം. ജീവനക്കാര്‍ അര്‍പ്പണബോധത്തോടെ പെരുമാറണം. ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കും. ഉദ്യോഗസ്ഥ തലത്തിലുളള അഴിമതി ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂടെ ഉണ്ടാകും. നിലവിലുളള വീഴ്ചകള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍ ജീവനക്കാരാണെന്ന അഭിപ്രായം സര്‍ക്കാരിനില്ല. സമൂഹത്തെയാകെ ബാധിച്ച അലസത സര്‍ക്കാരിനെയും ബാധിച്ചിട്ടുണ്ട്. ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ജീവനക്കാര്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. കൂടാതെ ജോലി ചെയ്യുന്നതിനിടയ്ക്ക് സാഹിത്യവാസന ഉണര്‍ത്താന്‍ നില്‍ക്കരുതെന്നും ജോലി സമയത്ത് കൃത്യമായി ജോലി ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts